Saturday, May 26, 2012

മോഡിയുടെ നാട്ടില്‍ - അവസാനഭാഗം

മോഡിയുടെ നാട്ടില്‍ - ഭാഗം1  

മോഡിയുടെ നാട്ടില്‍ - ഭാഗം 2


രാവിലെ പതിവിനു വിപരീതമായി അഞ്ചു മണിക്ക് എഴുന്നേറ്റു .തലേന്ന് കിടന്നപ്പോഴുള്ള കാലാവസ്ഥ അല്ല.ഭയങ്കര തണുപ്പ്.കുളിക്കാമെന്ന് വെച്ച് ടാപ്പ്‌ തുറന്നപ്പോള്‍ നല്ല തണുത്ത വെള്ളം. ബാത്ത് റൂമില്‍ കയറിയ അതെ വേഗതയില്‍ ഞാന്‍ പുറത്തിറങ്ങി. പക്ഷെ അച്ഛന് അതൊന്നും ഒരു പ്രശ്നമല്ല. അന്നേരം തന്നെ കുളിച്ചു റെഡി ആയി. ഞാന്‍ ഷൂസ് പോളിഷ് ചെയ്തും , ഷേവ് ചെയ്തും , സര്‍ട്ടിഫിക്കറ്റ് എടുത്തു റെഡി ആക്കി വച്ചുമൊക്കെ സമയം നീക്കി. ആറ് കഴിഞ്ഞിട്ടും ചൂട് വെള്ളമില്ല. പുറത്തിറങ്ങി നോക്കിയിട്ട് ഹോട്ടലിലെ ജീവനക്കാരെയും കാണുന്നില്ല. ഏഴു കഴിയുമ്പോള്‍ ഇന്റര്‍വ്യൂവിനു ഇറങ്ങണം. നേരത്തെ ചെല്ലുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവസാനം ടെന്‍ഷന്‍ ആകും. ഒടുവില്‍ ആ സാഹസം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.തണുത്ത വെള്ളത്തില്‍ കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ തണുപ്പ് പകുതി കുറഞ്ഞു.



ഉടനെ തന്നെ ഉടുപ്പൊക്കെ ഇട്ടു പോകാന്‍ തയാറായി. കുറെ കാലം കൂടി ആണ് ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ മടക്കാതെ ഇടുന്നത്. അതിന്റെ അസ്വസ്ഥത ഉണ്ട്. പിന്നെ പതിവുപോലെ ചന്ദനം തൊടാനായി കൈയിലെടുത്തു വെള്ളം നനയ്ക്കാന്‍ ടാപ്പ്‌ തുറന്നു.അപ്പോള്‍ ദേ വരുന്നു ചൂട് വെള്ളം . ആ ടാപ്പ്‌ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ എനിക്ക് തോന്നി. പിന്നെ തല്‍കാലം ആ ദേഷ്യം ഉള്ളിലൊതുക്കി വേഗം ചന്ദനമോക്കെ തൊട്ടു ഏഴു മണിക്ക് പോകാനിറങ്ങി.

നേരം വെളുത്ത് വരുന്നതെ ഉള്ളു. റോഡില്‍ ഓട്ടോ ഒന്നും കാണുന്നില്ല. കുറെ നേരത്തെ കാത്തു നില്പിന് ശേഷം ഒരു ഓട്ടോ കിട്ടി. അതില്‍ കയറി ഇര്‍മയുടെ മുന്‍പിലെത്തി. ഓട്ടോക്കാരനോട് പൈസ ചോദിച്ചപ്പോള്‍ നൂറു രൂപ എന്ന് പറഞ്ഞു. തലേന്ന് അങ്ങോട്ട്‌ പോകാന്‍ അമ്പതു രൂപ ആയിരുന്നു . ഞാന്‍ ഇര്‍മയുടെ മുന്‍പില്‍ നിന്ന സെക്യൂരിറ്റി ചേട്ടനോട് ഇയാള്‍ നൂറു ചോദിച്ചു, ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് കയറിയത് . അത്രയും രൂപ ആകുമോ എന്ന് ചോദിച്ചു. പിന്നെ അവിടെ നടന്നത് കീചകവധം കഥകളി ആയിരുന്നു. ആ സെക്യൂരിറ്റി അയാളെ കുറെ ചീത്ത പറഞ്ഞു. നിങ്ങളെ പോലെ ഉള്ളവരാണ് നമ്മുടെ നാടിനു ചീത്തപേരു ഉണ്ടാക്കുന്നത് . അന്യ ദേശത്ത് നിന്ന് ആളുകള്‍ വന്നാല്‍ ഇങ്ങനെ പറ്റിക്കരുത്. പോലീസില്‍ പറയണോ എന്നൊക്കെ ചോദിച്ചു. ഓട്ടോക്കാരനും പെട്ടന്ന് മാപ്പ് പറഞ്ഞു . ഒടുവില്‍ അമ്പതു കൊടുക്കാന്‍ സെക്യൂരിറ്റി ഞങ്ങളോട് പറഞ്ഞു. ഓട്ടോക്കാരന്‍ ഒരു പത്തു രൂപകൂടി തരണേ എന്ന് പറഞ്ഞു സങ്കടപെട്ടപ്പോള്‍ പത്തു കൂടി കൊടുത്തു. ഈ സംഭവവും എന്നെ അല്പം അത്ഭുതപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഒരു അന്യ നാട്ടുകാരനെ രക്ഷിക്കാന്‍ ഇതുപോലെ ആരും തയാറാകില്ല എന്ന് ഉറപ്പാണ്‌.

ഞാന്‍ ഇര്‍മയുടെ അകത്തു കയറി. ശരിക്കും മറ്റൊരു ലോകത്ത് എത്തിയപോലെ. പുറം ലോകത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ഏകദേശം ഇന്‍ഫോസിസ് മൈസൂര്‍ ക്യാമ്പസിന്റെ അത്രയും വലിപ്പമുണ്ട്‌. പക്ഷെ കെട്ടിടങ്ങള്‍ കാര്യമായിട്ടില്ല. പകരം പുല്ലു പിടിപ്പിച്ചിരിക്കുന്നു. കുറെ മരങ്ങളുമുണ്ട് . വളരെ മനോഹരമായ സ്ഥലം .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ " ലവ് അറ്റ് ഫസ്റ്റ് സൈറ്റ് " . ഇവിടെ അഡ്മിഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്നാണ് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് . ഒരു ഹാളിന്റെ മുന്‍പില്‍ ചെല്ലണം എന്നാണ് കിട്ടിയ കത്തില്‍ ഉള്ളത്. അവിടെ എങ്ങും വഴി പറഞ്ഞു തരാന്‍ പോലും ആരുമില്ല. ആദ്യം കണ്ട കെട്ടിടത്തില്‍ കയറി . അവിടെ ഒരു ചേട്ടനെ കണ്ടു. പുള്ളിയോട് ആ ഹാള്‍ എവിടെ ആണെന് അന്വേഷിച്ചപ്പോള്‍ അവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് കാപ്പി കുടിച്ചില്ലെങ്കില്‍ കുറച്ചു അപ്പുറത്ത് കാന്റീന്‍ ഉണ്ട് പോയിട്ട് ഒന്‍പതു ആകുമ്പോള്‍ വന്നാല്‍ മതി എന്ന് പറഞ്ഞു. ഞങ്ങള്‍ കാന്റീനില്‍ പോയി. അവല്‍ പോലത്തെ എന്തോ ഒരു സംഭവമായിരുന്നു കഴിക്കാന്‍. വലിയ കുഴപ്പമില്ല . ചായ നല്ലതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. യാത്രയില്‍ എല്ലാ സ്ഥലങ്ങളില്‍ നിന്ന് കുടിച്ച ചായയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക രുചി ആയിരുന്നു .

ഒന്‍പതു മണി ആകാറായപ്പോള്‍ ഞങ്ങള്‍ അവിടെ തിരിച്ചെത്തി . ഇതിനിടയില്‍ കുറച്ചു മലയാളികളെ കിട്ടി . ടോക് - എച് കോളേജില്‍ അവസാന വര്‍ഷം പഠിക്കുന്ന അമിട്ട് ക്ഷമിക്കണം അമിത് (ആദ്യത്തെ വാക്കാണ്‌ കൂടുതല്‍ ചേരുക ) , തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ശങ്കര്‍ , പിന്നെ ചെന്നൈ ഇന്ഫോസ്യ്സില്‍ ഉള്ള ഒരാളും .(പേര് തല്‍കാലം പറയുന്നില്ല. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഇന്ഫോസ്യ്സില്‍ തന്നെ തുടരാന്‍ പ്ലാന്‍ ഉള്ള ഒരാളാണ് . പാവം ജീവിച്ചു പൊക്കോട്ടെ..) .പിന്നെ കുറെ ഹിന്ദിക്കാരും. എല്ലാ ഹിന്ദിക്കാരും കോട്ടും ടൈയും ഒക്കെ കെട്ടിയിടുണ്ട്.മലയാളികള്‍ ആരും തന്നെ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലാരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ നാല് പേരൊഴിച്ച് ബാക്കി എലാവരും ടൈ കെട്ടിയിടുണ്ട്. പക്ഷെ ടൈ കെട്ടണം എന്ന് ഇന്റര്‍വ്യൂ കാര്‍ഡില്‍ പറഞ്ഞിട്ടില്ല.
പരിപാടി തുടങ്ങാനായി. ഞങ്ങളെ അവിടെ നിന്ന് അകത്തോട്ടു വിളിച്ചുകൊണ്ടു പോയി. അച്ഛന് അങ്ങോട്ട്‌ പ്രവേശനമില്ല. 'അവിടെ എവിടെയെങ്കിലും ഉണ്ടാകും. പിന്നെ വിളിച്ചാല്‍ മതി' എന്ന് പറഞ്ഞു അച്ഛന് പുറത്തു പോയി.

ആദ്യം ഒരു പരിചയപെടുത്തല്‍ പോലെ ഒരു പരിപാടി. എല്ലാവരുടെയും പേര് പറഞ്ഞു . പിന്നെ ഒരു കാര്‍ഡ്‌ തന്നു. അത് അവിടുന്ന് പോകും വരെ കൈയില്‍ വേണം എന്ന് അറിയിച്ചു. പിന്നെ ഇര്‍മയുടെ ചരിത്രം വിവരിച്ചു. ഡോക്ടര്‍ വര്‍ഗിസ് കുരിയന്‍ ഇങ്ങനെ ഒരു പ്രസ്ഥാനം തുടങ്ങിയതിന്റെ കാരണങ്ങളും , അവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ സമൂഹത്തില്‍ ചെയ്ത നല്ല കാര്യങ്ങളും ഒക്കെ. അതിനു ശേഷം ഞങ്ങളെ നാല് ബാച്ച് ആയി തിരിച്ചു. ഞങ്ങള്‍ നാല് മലയാളികളും നാല് ബാച്ചില്‍ . അങ്ങനെ തല്കാലത്തേക്ക് ഞങ്ങള്‍ പിരിഞ്ഞു. അടുത്തതായി സംഘ ചര്‍ച്ച ആണ്. ഗ്രൂപ്പ്‌ ഡിസ്കഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയും. ഒരു മുറിക്കകത്ത് കയറ്റി ഇരുത്തി." ഇന്ത്യയില്‍ ജനാധിപത്യം വേണോ അതോ സ്വേച്ഛാധിപത്യം വേണോ" എന്നതായിരുന്നു വിഷയം. ബീഹാറുകാരനായ ഒരു പയ്യനും , പഞ്ചാബ്‌കാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ ആയിരുന്നു പ്രധാന യുദ്ധം . ബാക്കി എല്ലാവരും എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കും പോലെ ഇടയ്ക്ക് ഓരോ ഡയലോഗ് ഇട്ടു കൊടുത്തു. ചൈനയുടെ മാതൃകയും, ഫിദേല്‍ കാസ്ട്രോയും , സ്റ്റാലിനും , ലെനിനും , ഗാന്ധിജിയും, അമേരിക്കയും ഒക്കെ പലരുടെയും വായില്‍ നിന്ന് വന്നു.ഞാനും വിട്ടു കൊടുത്തില്ല . ഹിറ്റ്‌ലര്‍ എന്ന വ്യക്തിയെ പുകഴ്ത്തി എഴുതിയിട്ടുള്ള ഈ ഞാന്‍ അവിടെ സ്വേച്ചാധിപത്യത്തെ മൂന്നു വട്ടം തള്ളി പറഞ്ഞു . പിന്നെ തള്ളി പറയാന്‍ പറ്റിയില്ല. അതിനു മുന്‍പ് സമയം തീര്‍ന്നു . ഒരു മണിയോടെ ഗ്രൂപ്പ്‌ ഡിസ്കഷന്‍ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ എല്ലാവരുമായും ഒരുവിധം പരിചയം ആയികഴിഞ്ഞിരുന്നു .ഇറങ്ങിയ ഉടനെ കുറെ പേരെ പരിചയപ്പെട്ടു. അത് കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ എപ്പോഴാണെന്ന് അറിയിച്ചു. എനിക്ക് വൈകിട്ട് ആറ് മണിക്കാണ്. അത് വരെ വെറുതെ അവിടെ ഇരിക്കണം. ഞങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ ഇറങ്ങി. അപ്പോഴേക്കും മലയാളികളെല്ലാം എത്തിയിരുന്നു.

ഉച്ചക്ക് കഴിക്കാന്‍ പൂരിയും കറിയും പിന്നെ ചോറും തൈരും ഉണ്ടായിരുന്നു. എല്ലാത്തിനും ഭയങ്കര മധുരം .പപ്പടമൊഴിച്ചു ബാക്കി എല്ലാത്തിനും ഭയങ്കര മധുരം .മധുരമുള്ള സാധനങ്ങളില്‍ കടുമാങ്ങ അച്ചാറും പെടും കേട്ടോ . പെട്ടന്നാണ് ആ വാര്‍ത്ത‍ പടര്‍ന്നത് . പി. ചിദംബരത്തെ വെറുതെ വിട്ടു. കേട്ട പാടെ കുറെ പേരുടെ രക്തം തിളച്ചു. വിധിച്ച ജഡ്ജിയെ തട്ടിക്കളയണം എന്ന് വരെ ചിലര്‍ പറഞ്ഞു. മറ്റു ചിലര്‍ ഇതു പ്രതീക്ഷിച്ചതാണെന്നും ചിദംബരത്തെ തൊടാന്‍ കോടതിക്ക് പേടി ആണെന്നും പറഞ്ഞു. എന്തായാലും കാന്റീനില്‍ ഒരു ചര്‍ച്ച തന്നെ നടന്നു. ആരും തന്നെ ചിദംബരത്തെ അനുകൂലിച്ചില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടണം. പക്ഷെ ആരാണ് അത് തീരുമാനിക്കണ്ടത് ? കോടതിയോ മാധ്യമമോ ? ഇതു ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മോഡിയുടെ കാര്യത്തിലും, പിണറായി വിജയന്‍റെ കാര്യത്തിലും പെടും എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു . സുബ്രമണ്യ സ്വാമിയുടെ വാക്കുകള്‍ ശരിയാണ് എങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് നീതി കിട്ടണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു .

അത് കഴിഞ്ഞു പതുക്കെ ഇന്റര്‍വ്യൂ സ്ഥലത്ത് പോയി ഇരുന്നു. സമയം മൂന്നു കഴിഞ്ഞേ ഉള്ളു. അവിടെ ഉള്ളവരുമായി കുറെ നേരം സംസാരിച്ചു. സമയം പോയതറിഞ്ഞില്ല. വൈകുന്നേരം ആയപ്പോള്‍ ചായ കുടിച്ചു. ഇന്റര്‍വ്യൂ കഴിയുന്നവര്‍ ഇറങ്ങി വന്നു പറയുന്നതൊക്കെ കേട്ട് അല്പം പേടി തോന്നിത്തുടങ്ങി. ഭയങ്കര ചോദ്യങ്ങളൊക്കെ ആണ് ചോദിക്കുന്നത്. അച്ഛനെ ഇടയ്ക്ക് വിളിച്ചു. പുറത്തൊക്കെ കറങ്ങി നടക്കുകയാണ് . ഇടയ്ക്ക് കാന്റീനില്‍ പോയി ഊണ് കഴിച്ചു എന്നും പറഞ്ഞു . ആറ് മണിക്കാണ് എന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. അര മണിക്കൂര്‍ ആണ് ഒരാള്‍ക്ക് സാധാരണ സമയം എടുക്കുന്നത്. പക്ഷെ ഇരുപതു മിനുട്ടില്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു. ഇഷ്ടപെട്ടിട്ടാണോ അല്ലയോ എന്ന് മാര്‍ച്ച്‌ മാസം പത്തൊന്‍പതാം തിയതി അറിയാം. കിട്ടിയാല്‍ രണ്ടു വര്‍ഷം മോഡിയുടെ നാട്ടില്‍. അല്ലെങ്കില്‍... എന്താണ് എന്ന് എനിക്കും അറിയില്ല.

ഏകദേശം അഞ്ചര ആയപ്പോള്‍ അച്ഛന് അവിടെ വന്നു. പക്ഷെ പോകാന്‍ പറ്റില്ല. ഏഴു മണിക്ക് " barefoot managers " എന്ന ഒരു വീഡിയോ കാണിക്കും. അത് കാണണം. ഇവിടെ നിന്ന് പഠിച്ചു ഇറങ്ങിയവര്‍ എവിടെയൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നത് സംബന്ധിച്ച പരിപാടി ആണ്. ഞങ്ങള്‍ അവിടെയൊക്കെ കറങ്ങി നടന്നു ആ പരിപാടിയും കണ്ടു , വൈകിട്ടത്തെ അത്താഴവും കഴിച്ചിട്ടാണ് ഇറങ്ങിയത്‌. പുറത്തിറങ്ങുമ്പോള്‍ സെക്യൂരിറ്റിയില്‍ ഇരിക്കുന്ന ചേട്ടന്‍ രാവിലെ അകത്തു നിന്ന് തന്ന കാര്‍ഡ്‌ തിരിച്ചു കൊടുക്കാന്‍ പറഞ്ഞു . അത് കൊടുക്കുമ്പോള്‍ ഇര്‍മ ഇഷ്ടപെട്ടോ എന്ന് അയാള്‍ ചോദിച്ചു. ഇഷ്ടപ്പെട്ടു എന്നും പക്ഷെ ഞാന്‍ മാത്രം ഇഷ്ടപെട്ടിട്ടു കാര്യമില്ലല്ലോ ഇര്‍മ എന്നെ ഇഷ്ടപെടണ്ടേ എന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അപ്പോള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും നമുക്ക് ഇനിയും ഇവിടെ വെച്ച് കാണാന്‍ പറ്റട്ടെ എന്ന് പുള്ളി പറഞ്ഞു . എല്ലാവരോടും ഇതു തന്നെ ആകാം പുള്ളി പറയുന്നത് . പക്ഷെ അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു പ്രത്യേക സുഖം തന്നെ ആണ് എന്ന് പറയേണ്ടതില്ലല്ലോ.

                                           ***************



ഇര്‍മയോട് യാത്ര പറഞ്ഞു ഞങ്ങള്‍ അവിടെ നിന്ന് ഒരു ഓട്ടോയില്‍ കയറി ഹോട്ടലിലേയ്ക്ക് തിരിച്ചു. അടുത്ത ദിവസം രാവിലെ വഡോദരയ്ക്ക് പോകണം. രാവിലെ പതിനൊന്നേകാല്‍ മണിക്കാണ് വിമാനം പുറപ്പെടുന്നത്. ഞങ്ങള്‍ ഓട്ടോയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി . ബസ്‌ എപ്പോഴാണ് എന്ന് നോക്കാനാണ് അവിടെ ഇറങ്ങിയത് . പക്ഷെ എന്തായാലും ചെന്നത് കാര്യമായി. ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തുള്ളത് പഴയ ബസ്‌ സ്റ്റാന്റ് ആണ്. അവിടെ വഡോദരയ്ക്ക് പോകുന്ന ബസ്‌ വരില്ലത്രെ. പിന്നെ പുതിയ സ്റ്റാന്റ് എവിടെയാണ് എന്ന് അന്വേഷിച്ചു. ഇരുപതു രൂപ ഓട്ടോയ്ക്കാകും എന്നാണ് കിട്ടിയ വിവരം. രാവിലെ എട്ടു മണിക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടലിലേയ്ക്ക് നടന്നു . അന്ന് രാത്രി കിടക്കും വരെ വാര്‍ത്തയില്‍ കോടതി വിധിയെപറ്റി ചിദംബരം പറഞ്ഞതും , സുബ്രമണ്യ സ്വാമി പറഞ്ഞതും, നാടുകാര് മൊത്തം ക്യാമറക്ക് മുന്‍പില്‍ പറയുന്നതുമൊക്കെ കേട്ടുകൊണ്ടിരുന്നു. അതിനിടയില്‍ ബാഗില്‍ എല്ലാം അടുക്കി വച്ച് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.



                                     ******************

ഫെബ്രുവരി 5
രാവിലെ ആറു മണിക്ക് ഞാന്‍ എഴുന്നേറ്റു . തലേന്നതെപോലെ തന്നെ തണുത്തവെള്ളം ആണ് വരുന്നത്. പക്ഷെ ഇന്നലത്തെ പോലെ ഞാന്‍ തോറ്റുകൊടുക്കാന്‍ തയാറായില്ല. ഒടുവില്‍ എന്‍റെ ഇച്ഛാ ശക്തിക്ക് മുന്‍പില്‍ ആ ടാപ്പ്‌ കീഴടങ്ങി . ഏഴര ആയപ്പോള്‍ ചൂടുവെള്ളം വന്നു. ഉടനെ തന്നെ കുളിച്ചു റെഡിയായി . എട്ടു മണി ആയപ്പോള്‍ ഞങ്ങള്‍ പോകാനായി ഇറങ്ങി. ആയിരത്തി ഇരുനൂറു രൂപ വാടകയും കൊടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.അപ്പോള്‍ പള്ളിമണി മുഴങ്ങുന്നുണ്ടായിരുന്നു.ഞായറാഴ്ചയാണ് പള്ളിയില്‍ പക്ഷെ വലിയ തിരക്കൊന്നുമില്ല . മോഡിയെ പേടിച്ചു ആരും വരാത്തതാണോ എന്ന് അറിയില്ല . അവിടെ നിന്ന് ഒരു ഓട്ടോയില്‍ ഞങ്ങള്‍ പുതിയ സ്റ്റാണ്ടിലെയ്ക്ക് പോയി. ഏകദേശം 8 .15 ആയപ്പോള്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. എട്ടരയ്ക്കാണ് അടുത്ത ബസ്‌ . ഓരോ മിനിട്ട് കഴിയുമ്പോഴും അല്പം ടെന്‍ഷന്‍ ആയിക്കൊണ്ടിരുന്നു. പത്തു മണിക്ക് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.അല്പം വൈകിയാല്‍ എല്ലാം കുളമാകും. എന്തായാലും വലിയ പ്രശ്നമുണ്ടായില്ല. എട്ടരയ്ക്ക് ബസ്‌ വന്നു. ഇങ്ങോട്ട് വന്നപോലെ തന്നെ എല്ലാം. നാല്‍പതു രൂപ ടിക്കറ്റ്‌. കുടിലുകള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , കൃഷി സ്ഥലങ്ങള്‍ , അവസാനം വഡോദര ബസ്‌ സ്റ്റാന്റ്. അവിടുന്ന് ഓട്ടോ . മീറ്ററില്‍ നല്പത്തിമൂന്നു രൂപ കാണിച്ചു . ഞാന്‍ അമ്പതു കൊടുത്തു . അയാള്‍ പത്തു തിരിച്ചു തന്നു . മൂന്നു രൂപ ചിലറ ഇല്ലെങ്കില്‍ വേണ്ട എന്നായി പുള്ളി. പക്ഷെ ഗുജറാത്തില്‍ വന്നു ഒരു ഓട്ടോക്കാരനോട് കടക്കാരന്‍ ആകുന്നതു മോശമല്ലേ. ഞാന്‍ അഞ്ചു രൂപ കൊടുത്തു. അയാള്‍ക്ക് സന്തോഷമായി.

ഞാന്‍ വാച്ചില്‍ നോക്കി.സമയം ഒന്‍പതര . സമയം അവിടെ ഉള്ള ഒരു കടയില്‍ നിന്ന് ഇഡലി ചായയും കഴിച്ചു. പത്തു മണി ആകാറായപ്പോള്‍ ഞങ്ങള്‍ പ്രവേശന കവാടത്തിനടുത്തെത്തി. ആദ്യം ഞാന്‍ എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു അകത്തു കയറി. പുറകെ അച്ഛന്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു. അപ്പോള്‍ ആ പോലീസുകാരന്‍ സമ്മതിച്ചില്ല .ഫോട്ടോയില്‍ കാണുന്ന ആളല്ല മുന്‍പില്‍ നില്കുന്നത് എന്നാണ് പുള്ളി പറയുന്നത്. അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സര്‍ക്കാര്‍ തന്ന എന്‍റെ വോട്ടര്‍ കാര്‍ഡ്‌ കണ്ടിട്ട് ഇതില്‍ ആരുടെ ഫോട്ടോ ആണെന്ന് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട് . അപ്പോള്‍ അച്ഛന്റെ ഫോട്ടോയുടെ കാര്യം പറയേണ്ടതില്ലല്ലോ. 1998 -ഇല്‍ എടുത്ത ഫോട്ടോ ആണ്. മുപ്പത്തിയേഴ് വയസ്സുള്ള , മുടിയൊക്കെ കറുത്ത ഒരു താടിക്കാരന്‍ ആണ് അതിലുള്ളത്. ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നതോ മുടി മുഴുവന്‍ നരച്ച, ക്ലീന്‍ ഷേവ് ചെയ്ത ഒരു മനുഷ്യനും.കുറെ നേരം അവിടെ നിന്ന് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി കടത്തി വിട്ടു.

എനിക്കോര്‍മ വച്ച കാലം തൊട്ടു അച്ഛന് താടിയുണ്ട്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പഴയ മാനേജര്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ മകള്‍ ആയി പുതിയ മാനേജര്‍ . അച്ഛന്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഷേവ് ചെയ്യുന്ന ആളായിരുന്നു .(എനിക്കും അതെ സ്വഭാവം ആണ് ) ഒരിക്കല്‍ പുതിയ മാനേജര്‍ വിളിച്ചു ഇങ്ങനെ ഇവിടെ വരാന്‍ പറ്റില്ല . ഷേവ് ചെയ്തു മാത്രമേ വരാവു എന്ന് പറഞ്ഞത്രേ . അതിനു ശേഷം പിന്നെ അച്ഛന്‍ ഷേവ് ചെയ്തിട്ടേ ഇല്ല !!! ഇതു അമ്മ പറഞ്ഞ കഥ ആണ്. ശരിയാണ് എന്നോ അല്ല എന്നോ അച്ഛന്‍ എന്നോട് പറഞ്ഞിട്ടില്ല. എന്തായാലും ശരിയാകാനാണ് സാധ്യത.ഇതുപോലത്തെ കാര്യങ്ങളില്‍ എന്നേക്കാള്‍ വലിയ റിബല്‍ ആണ് അച്ഛന്‍. പിന്നെ രണ്ടു വര്‍ഷം മുന്‍പ് അതെ കമ്പനിയുടെ മറ്റൊരു ശാഖയിലെയ്ക്ക് സ്ഥലം മാറ്റം ആയപ്പോഴാണ് അച്ഛന്‍ ഷേവ് ചെയ്തത് .

അങ്ങനെ അകത്തു കയറി , സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞു ഒരു കസേരയില്‍ ഇരുന്നു. അപ്പോള്‍ " കേരളത്തില്‍ എവിടെയാ വീട് ? " എന്നൊരു ശബ്ദം . ഞങ്ങള്‍ മലയാളം പറയുന്നത് കേട്ട് പരിചയപെടാന്‍ വന്നതാണ്‌ ഒരു ചേട്ടനും അമ്മയും. പറഞ്ഞു വന്നപ്പോള്‍ ഭയങ്കര പരിചയമായി. പുള്ളിയുടെ പേര് നമ്പി നമ്പൂതിരി . വീട് തൃപൂണിത്തുറയില്‍. ഇപ്പോള്‍ ചെന്നൈ നാഗാര്‍ജുനയില്‍ ജോലി ചെയുന്നു. കൂടുകാരന്റെ കല്യാണത്തിന് വന്നതാണ്‌ . ഇടയ്ക്ക് അഞ്ചു കൊല്ലം ഗുജറാത്തില്‍ ജോലി നോക്കിയിട്ടുണ്ടത്രേ. അവര്‍ മുംബൈ വന്നിട്ട് അവിടുന്ന് ചെന്നൈയ്ക്കുള്ള വിമാനത്തില്‍ അങ്ങോട്ട്‌ പോകും. ഞങ്ങള്‍ അവിടുന്ന് കൊച്ചിക്കുള്ള വിമാനത്തില്‍ നാട്ടിലോട്ടും.സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ വിമാനത്തില്‍ കയറാനുള്ള അനൌണ്‍സ്മെന്റ് വന്നു . ഇനി തൃപ്പൂണിത്തുറയില്‍ വച്ചു കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.പുള്ളിയുടെ ഒരു കാര്‍ഡ്‌ തന്നു.

ഇങ്ങോട്ട് വന്ന വിമാനം പോലെ അല്ല തിരിച്ചു പോകുന്നത്. വിമാനത്തില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പകരം എല്ലാം ചെറുക്കന്‍മാരാണ്. മുഖത്ത് വൈറ്റ് വാഷ്‌ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു. നല്ല വെളുത്ത നിറം . മുടിയൊക്കെ കുന്തം പോലെ പൊങ്ങി നില്‍ക്കുന്നു. സ്പൈക് ചെയ്തു നിര്‍ത്തിയിരിക്കുന്നു എന്നും വേണമെങ്കില്‍ അല്പം ജാഡയ്ക്ക് പറയാം. പന്ത്രണ്ടു മണിയോടെ മുംബൈയില്‍ എത്തി. 2 ദിവസം മുന്‍പ് ആഹാരം കഴിച്ച അതെ സ്ഥലത്ത് നിന്ന് ആഹാരം കഴിച്ചു , ഒപ്പം ചായയും .
അവിടെ നിന്ന് രണ്ടു മണിയുടെ വിമാനത്തില്‍ തിരിച്ചു കേരളത്തിലേയ്ക്ക്. എല്ലാം അങ്ങോട്ട്‌ പോയപ്പോള്‍ വിവരിച്ചതുപോലെയൊക്കെ തന്നെ. കൂടുതല്‍ പറഞ്ഞു ബോര്‍ അടിപ്പിക്കുന്നില്ല . നാല് മണിയോടെ നെടുമ്പശ്ശേരിയില്‍ എത്തി. ഭാഗ്യം അവിടെ പാര്‍ക്ക്‌ ചെയ്ത ഞങ്ങളുടെ കാര്‍ അവിടെ തന്നെ ഉണ്ട്. കാക്കകളുടെ വിശ്രമസ്ഥലം ആയിരുന്നു അത് എന്ന് തോന്നുന്നു. വണ്ടിയില്‍ കാക്ക വിശ്രമിച്ചതിന്റെ തെളിവുകള്‍ കിടപ്പുണ്ട്. വീട്ടില്‍ കൊണ്ടുപോയി നന്നായിട്ടൊന്നു കഴുകണം. ഉടനെ തന്നെ വണ്ടി എടുത്തു ഞങ്ങള്‍ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു..

*********************************
ഓരോ യാത്രയും എനിക്ക് എന്നും പ്രിയപ്പെട്ടവയാണ് . കൂടുതല്‍ ആളുകളെ കാണാന്‍ , അവരുടെ സംസ്കാരവും വിശ്വാസവും അറിയാന്‍, അവരിലൊരാളായി കുറച്ചു ദിവസം താമസം.അങ്ങനെ അങ്ങനെ. ആദ്യമായിട്ടാണ് ഒരു ലകഷ്യത്തോടെ ഒരു സ്ഥലത്തേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങള്‍ കാണാന്‍ പറ്റിയില്ല എന്ന ഒരു സങ്കടം മനസിലുണ്ട്. പല ദേശങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ നല്ല ആളുകളെ കാണുവാന്‍ എനിക്കവസരം കിട്ടുന്നത് ആദ്യമായിട്ടാണ്. ഇനിയും അവിടെ പൊകാന്‍ ദൈവം അവസരം നല്‍കും എന്ന വിശ്വാസത്തോടെ തല്‍കാലം നിര്‍ത്തുന്നു..

2 comments:

  1. നന്നായിട്ടുണ്ട് ട്ടോ !!! വിവരണങ്ങള്‍ ഇത്തിരി കുറയ്ക്കാമെന്ന് തോന്നി.. ഈ നമ്പി നമ്പൂതിരി എന്റെ പേരശ്ഷി അമ്മയുടെ മകനാണ്. തുടര്‍ന്നും എഴുതുക ഭാവുകങ്ങള്‍ എന്റെ ബ്ലോഗിന്റെ ലിങ്ക്
    http://nangaludeyatrakal.blogspot.com/
    പ്രശാന്ത് മാത്തൂര്‍

    ReplyDelete
    Replies
    1. അടുത്തതില്‍ വിവരണം കുറയ്ക്കാം.. ഇതു ശരിക്കും 6 ഭാഗം എന്നാ കണക്കിലാണ് എഴുതിയത് .. ഇവിടെ 3 ഭാഗം ആയി പോസ്റ്റ്‌ ചെയ്തപ്പോള്‍ നീളം അല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നിയിരുന്നു .. അപ്പോള്‍ ഈ പോസ്റ്റ്‌ കാരണം ഒരാളെ കൂടി പരിചയപ്പെടാന്‍ പറ്റി.. :)

      Delete