Friday, May 18, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 1

ഗുജറാത്ത്‌ സന്ദര്‍ശിക്കുക എന്നത് 2007 ഇലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൊട്ടുള്ള ഒരാഗ്രഹമാണ്. അവിടെ വന്‍ വികസനങ്ങള്‍ നടക്കുന്നു എന്ന് ഒരു വിഭാഗം . അത് വെറുതെ പറ്റിക്കാന്‍ പറയുന്നതാണ് എന്ന് വേറെ ഒരു വിഭാഗം.എന്തായാലും 2001 -ഇല്‍ ഉണ്ടായ ഭൂകമ്പത്തിലും പിന്നീടുണ്ടായ വര്‍ഗീയലഹളയിലും നശിച്ചുപോകാതെ ശക്തമായി തിരിച്ചു വന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്‌ .നമ്മുടെ ഗാന്ധിജിയുടെ നാട് .. എന്തായാലും കാണണം. അങ്ങനെയിരിക്കുമ്പോഴാണ് ഗുജറാത്തിലെ ആനന്ദ് സന്ദര്‍ശിക്കുവാന്‍ എനിക്കൊരു അവസരം കിട്ടുന്നത് . വേറെ സ്ഥലങ്ങള്‍ കാണാന്‍ സമയം ഇല്ല. എങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ആനന്ദില്‍ പോയേക്കാം എന്ന് വച്ചു. ആദ്യം തീവണ്ടിയില്‍ പോകാം എന്ന് തീരുമാനിച്ചു . പക്ഷെ നോക്കിയപ്പോള്‍ ഒറ്റ വണ്ടിയിലും സീറ്റ്‌ ഇല്ല. 158 വെയിറ്റിംഗ് ലിസ്റ്റ് ഉള്ള ഓഖ എക്സ്പ്രസ്സ്‌ ആണ് ആകെയുള്ള പ്രതീക്ഷ. പിന്നെ ഒരാഴ്ച അവധിയും വേണ്ടി വരും . അത്രയും അവധി കിട്ടാനും പ്രയാസം. അതുകൊണ്ട് അവസാനം വിമാനത്തിലാകാം യാത്ര എന്ന് തീരുമാനിച്ചു. ഫെബ്രുവരി 4 ശനിയാഴ്ച കാലത്ത് 9 മണിക്ക് എനിക്ക് ആനന്ദിലെ കലാലയത്തില്‍ അഭിമുഖപരീക്ഷക്ക് ചെല്ലണം.( ആരും ദയവു ചെയ്തു അത് എന്തായി എന്ന് ചോദിക്കരുത് . എന്തെങ്കിലും ആയാല്‍ ഞാന്‍ അറിയിക്കുന്നതായിരിക്കും.) അതുകൊണ്ട് മൂന്നാം തിയതി വെള്ളിയാഴ്ച വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു .




വിമാനത്തിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. രാവിലെ 8 .50 -നു നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈക്ക് വിമാനം . 10 .50 ആകുമ്പോള്‍ മുംബൈയില്‍ എത്തും. അവിടുന്ന് വൈകിട്ട് 3 .15 നു വഡോദരയ്ക്കുള്ള (പണ്ടത്തെ ബറോഡ ) വിമാനത്തില്‍ ഗുജറാത്തിലേക്ക് . മടക്കയാത്ര അഞ്ചാം തിയതി . എന്നെ ഒറ്റയ്ക്ക് വിടാന്‍ പേടിയായതിനാല്‍ അച്ഛനും കൂടെ വരാന്‍ തീരുമാനിച്ചിരുന്നു . രാവിലെ എങ്ങനെ വിമാനത്താവളത്തിലേക്ക് പോകും എന്നതായി അടുത്ത സംശയം . ഒന്ന് രണ്ടു ടാക്സി ഡ്രൈവര്‍മാരോട് അന്വേഷിച്ചപ്പോള്‍ എഴുനൂറു രൂപ വേണം എന്നവര്‍ പറഞ്ഞു . ആകെ 25 കിലോമീറ്റര്‍ ഉണ്ട്. അതിനു എഴുനൂറു എന്തായാലും കൊടുക്കണ്ട എന്ന് തീരുമാനിച്ചു. ഞങ്ങള്‍ കാര്‍ അവിടെ കൊണ്ടുപോയി പാര്‍ക്ക്‌ ചെയ്തു പോകാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ തിരിച്ചു വരാനും എളുപ്പമുണ്ടല്ലോ. അല്ലെങ്കില്‍ ഇങ്ങോട്ട് ഒരു ആയിരം കൂടെ പോകും എന്നുറപ്പാണ് .

അങ്ങനെ ഫെബ്രുവരി മൂന്നാം തിയതി രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ കാറില്‍ വിമാനത്തവളത്തിലേക്ക് യാത്ര തിരിച്ചു. ഏഴര ആയപ്പോള്‍ അവിടെ എത്തി. കാറ് പാര്‍ക്ക്‌ ചെയ്തിട്ടു വലിയ വലിയ ബിസിനസ്‌കാര് പോകുമ്പോലെ "മറ്റന്നാളത്തെ ഫ്ലൈറ്റില്‍ തിരിച്ചു വരും" എന്ന് പറഞ്ഞു രണ്ടു ദിവസത്തെ പാര്‍ക്കിംഗ് ഫീ ആയി മുന്നൂറു രൂപ അവിടെ ഉണ്ടായിരുന്ന പുള്ളിക്ക് കൊടുത്തു ശീട്ട് വാങ്ങി. അകത്തേക്ക് കയറാന്‍ തയാറെടുക്കുമ്പോള്‍ ഒരു കാര്‍ മുന്‍പില്‍ വന്നു നിന്നു.ശബരിമലയിലെ തന്ത്രി കണ്ടരരു മഹേശ്വരര് . പിന്നെ ഞങ്ങളെ അവിടെ നിര്‍ത്തി പുള്ളിയെ ആദ്യം സെക്യൂരിറ്റി കടത്തി വിട്ടു. ഞങ്ങള്‍ പതുക്കെ പുറകെ അകത്തു കയറി.ബോര്‍ഡിംഗ് പാസ്‌ എടുക്കാനുള്ള സ്ഥലത്ത് ചെന്നപ്പോള്‍ ഭയങ്കര തിരക്ക് . ഒരുവിധം അവിടെ നിന്ന് പാസ്‌ എടുത്തു.ബാഗ്‌ കൊടുത്തു വിടാതെ ഞങ്ങള്‍ കയ്യില്‍ വെക്കാന്‍ തീരുമാനിച്ചു . ആകെ 4 ജോഡി വസ്ത്രവും പിന്നെ കാച്ചിയ എണ്ണയും പിന്നെ സര്‍ട്ടിഫിക്കറ്റ് ഒക്കെയേ അതില്‍ ഉള്ളു. അങ്ങനെ പാസ്‌ എടുത്തു സെക്യൂരിറ്റി ചെക്കിംഗ് സ്ഥലത്തെത്തി. അവിടെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ആണ് നില്കുന്നത്. ബാഗ്‌ പരിശോധിക്കാനായി വേറെ ലൈനില്‍ വച്ചിട്ടു ഞാനും അച്ഛനും മനുഷ്യന്മാരെ പരിശോധിക്കുന്ന ലൈനില്‍ കയറി നിന്നു. അപ്പോള്‍ ദെ തന്ത്രി വീണ്ടും മുന്‍പില്‍. പുള്ളി ഹൈദരാബാദ് പോകാനായി വന്നതാണ്‌. അവിടെ പൂജ ഉണ്ടത്രേ. കുറച്ചു കുശലമൊക്കെ പറഞ്ഞു സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അപ്പുറത്തെത്തിയപ്പോള്‍ അടുത്ത പ്രശ്നം. എന്റെ ബാഗ്‌ അവര്‍ മാറ്റി വെച്ചിരിക്കുന്നു. അതില്‍ എന്തോ ഇരുമ്പ് സാധനം ഉണ്ടെന്നു. അവര്‍ ബാഗ്‌ തുറന്നപ്പോള്‍ സംഭവം മനസിലായി. ഷേവിംഗ് സെറ്റിലെ ബ്ലേഡ് ആണ് ആ സാധനം. അവര്‍ അത് എടുത്തു കളഞ്ഞിട്ടു ബാഗ്‌ തന്നു. വഡോദരയില്‍ ബാര്‍ബര്‍ ഷോപ്പ് കാണും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ബാഗുമെടുത്ത്‌ വെയിടിംഗ് റൂമില്‍ പ്രവേശിച്ചു . അരമണിക്കൂര്‍ അവിടെ ഇരിക്കണം.

2008 -ഇല്‍ ഡല്‍ഹിക്ക് പോകാന്‍ ഞാന്‍ ഇതിനു മുന്‍പ് വിമാനത്തില്‍ കയറിയിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ അല്പം സമാധാനമുണ്ട്. എങ്കിലും വിമാനത്താവളത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും അമേരിക്കയില്‍ പോയി "സാധനം കൈയിലുണ്ടോ ?" എന്ന് ചോദിച്ചു നടന്ന സംഭവമാണ് . ആദ്യമായി ഡല്‍ഹിക്ക് പോയപ്പോള്‍ ഏതാണ്ട് അതെ അവസ്ഥയായിരുന്നു . ആകെ അല്പം ഇംഗ്ലീഷ് മാത്രമാണ് അറിയാവുന്നത്. എനിക്ക് അന്ന് ഹിന്ദി കേട്ടാലും മനസിലാകില്ല. പിന്നെ ഒരു വിധം പുറത്തു കടന്നു . അവിടെ ഞങ്ങളെ വിളിക്കാന്‍ പ്രഭുവങ്കിള്‍ നേരത്തെ വന്നിരുന്നത് കൊണ്ട് രക്ഷപെട്ടു. ഇപ്പോള്‍ അത്രയും കുഴപ്പമില്ല . അത്യാവശ്യം ഹിന്ദി അറിയാം. പിന്നെ ഇംഗ്ലീഷ് എന്തായാലും അറിയാം. നമ്മുടെ നാടിനൊപ്പം ഞാനും പുരോഗമിക്കുന്നുണ്ട് .

ഏകദേശം എട്ടര മുംബൈക്ക് പോകാനുള്ളവര്‍ നാലാമത്തെ ഗേറ്റില്‍ എത്താന്‍ വിളിച്ചു പറയുന്നത് കേട്ടു. ബോര്‍ഡിംഗ് പാസുമായി നാലാം നമ്പര്‍ ഗേറ്റ് ലകഷ്യമാക്കി ഞങ്ങള്‍ നടന്നു .


കൈയിലുണ്ടായിരുന്ന പാസ്‌ അവിടെ നിന്നിരുന്ന ആളെ കാണിച്ചു. തുടര്‍ന്ന് അപ്പുറത്ത് കടന്നു അവിടെ ഞങ്ങളെ കാത്തു കിടന്നിരുന്ന ബസില്‍ കയറി. കുറച്ചകലെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം ലകഷ്യമാക്കി അത് പതുക്കെ നീങ്ങിത്തുടങ്ങി. ഈ വിമാനം എന്ന് പറയുന്ന സാധനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരങ്ങള്‍ ആണെന്നാണ് ആധുനികശാസ്ത്രം പറയുന്നത് എങ്കിലും പണ്ട് തൊട്ടേ നമ്മുടെ നാട്ടില്‍ അതുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. അന്നത്തെ ഏറ്റവും വലിയ പണക്കാരന്‍ ആയിരുന്ന കുബേരന് പുഷ്പകവിമാനം എന്ന സംഭവം ഉണ്ടായിരുന്നു. പിന്നീട് അത് സഹോദരനായ രാവണന് കൊടുത്തു. പുള്ളി അതിലാണ് സുന്ദരികളായ പെണ്‍കുട്ടികളെ ലങ്കയിലേക്ക് തട്ടിക്കൊണ്ടു പോയിരുന്നത്. അതിന്‍റെ സ്മരണയ്ക്കായിട്ടായിരിക്കണം ഇന്നും എല്ലാ വിമാനങ്ങളിലും സുന്ദരികളായ പെണ്‍കുട്ടികളെ നിര്‍ത്തുന്നത് . ഇന്നത്തെ കാലത്തും ഉണ്ടല്ലോ ഒരു രാവണന്‍ . വിജയ്‌ മല്യ എന്നാണ് പേര് എന്ന് മാത്രം.



ഞങ്ങള്‍ വിമാനത്തിനടുത്തെത്തി. ജെറ്റ് കണക്ട് എന്ന വിമാനമാണ് . രണ്ടു പെണ്‍കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങുന്നവരെ കാത്തു നില്‍പ്പുണ്ടായിരുന്നു .അവര്‍ ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്തു . മല്യയുടെ വിമാനത്തിലുള്ള അത്രയും വരില്ലെങ്കിലും ഇവരും കുഴപ്പമില്ല. എല്ലാവരും അകത്തു കയറി. പതിനേഴാമത്തെ നിരയിലെ എ, ബി എന്ന സീറ്റുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. വിമാനം പുറപ്പെടാനായി. യാത്രക്കിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റി അവര്‍ മുന്നറിയിപ്പ് തന്നു. വിമാനം വെള്ളത്തില്‍ വീണാല്‍ ഇടണ്ട കുപ്പായവും , വിമാനത്തില്‍ മര്‍ദം കുറഞ്ഞാല്‍ ശ്വാസം വലിക്കേണ്ട ഉപകരണങ്ങള്‍ എവിടെയാണെന്നും, സീറ്റ്‌ ബെല്‍റ്റ്‌ ഇടണ്ടതെങ്ങനെയനെന്നുമൊക്കെ അവര്‍ അഭിനയിച്ചു കാണിച്ചു. എന്തായാലും വിമാനം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പറന്നുയര്‍ന്നു . ആദ്യം കണ്ട പെണ്‍കുട്ടികള്‍ ഒരു ഉന്തു വണ്ടിയില്‍ എന്തൊക്കെയോ സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവന്നു . ഇതൊക്കെ റോഡില്‍ വില്‍ക്കുന്നവര്‍ വെറും ഹോട്ടല്‍ ജോലിക്കാര്‍ . അവര്‍ക്ക് വിലയില്ല. പക്ഷെ വിമാനത്തില്‍ നല്ല ശമ്പളം കിട്ടും. ഞങ്ങള്‍ ഒന്നും വാങ്ങിയില്ല. ഏകദേശം പതിനൊന്നുമണിയോടെ മുംബൈയിലെത്തി. ജീവനോടെ ഇവിടെ എത്തിച്ചതിനു ദൈവത്തിനും പൈലെറ്റിനും മനസ്സില്‍ നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.


അടുത്ത വിമാനം 3 മണിക്കാണ്. അത് വരെ അവിടെ വെറുതെ ഇരിക്കണം. മുംബൈ വിമാനത്താവളം കാണാന്‍ അങ്ങനെ ഒരു അവസരം കിട്ടി. നെടുമ്പാശ്ശേരിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം ഇതു അത്രയ്ക്ക് വലുതാണ്. എങ്കിലും വൃത്തി കൂടുതല്‍ നമ്മുടെ കൊച്ചി വിമാനത്താവളത്തിനാണ്.അതിനകം ഒന്ന് നടന്നു കണ്ടു. അവിടെ ഒരു ഭിത്തിയില്‍ ഒരു മനുഷ്യന്‍ വാളും കൊണ്ട് നില്‍കുന്ന പടമുണ്ട് . അതാണ് ഛത്രപതി ശിവജി . ഇവിടെയുള്ളവര്‍ക്ക് പുള്ളി ഭയങ്കര സംഭവമാണ്. വളരെ നല്ല ഒരു രാജാവായിരുന്നു . അതിന്‍റെ മുന്‍പില്‍ ഫ്രീ മസ്സാജ് എന്നെഴുതി ഒരു കസേര വെച്ചിട്ടുണ്ട്. ഒരു സായിപ്പു അതില്‍ ഇരിക്കുന്നു. മസ്സാജ് ആകുന്നുണ്ടോ എന്ന് അറിയില്ല. നമ്മുടെ നാടല്ലേ. ചിലപ്പോള്‍ പറ്റിക്കാന്‍ എഴുതിവച്ചതായിരിക്കാം .ഞങ്ങള്‍ സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കി 16 -ആം ഗേറ്റില്‍ പോയി ഇരുന്നു. സമയം കൊല്ലാന്‍ വേണ്ടി അവിടെ കിടക്കുന്ന രണ്ടു -മൂന്ന് പത്രങ്ങള്‍ എടുത്തു വായിച്ചു. ലൈവ് മിന്റ് , ബോംബെ മിറര്‍ , ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഇതൊക്കെ വായിച്ചു.അവിടെ കിടന്ന ഒരു മറാത്തി പത്രവും അതിനിടയ്ക്‌ എടുത്തു തിരിച്ചും മറിച്ചും നോക്കി. എന്നിട്ടും സമയം നീങ്ങുന്നില്ല. ഒന്നര മണിയായപ്പോള്‍ വിശപ്പിന്‍റെ വിളി വന്നു. എന്തെങ്കിലും കഴിക്കണം. അവിടെ ഊണ് കിട്ടാനില്ല. ഒടുവില്‍ ഒരു കടയില്‍ ചെന്ന് സമൂസയുടെ വില ചോദിച്ചു. രണ്ടെണ്ണം അറുപതു രൂപ. വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ സങ്കടത്തോടെ ഞങ്ങള്‍ അത് വാങ്ങി കഴിച്ചു. സമൂസയ്ക്ക് ഇതാണ് വില എങ്കില്‍ ഊണ് കഴിക്കാന്‍ കിട്ടിയിരുന്നേല്‍ പേഴ്സ് കാലിയായേനെ. അത് കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു ചായ വേണം എന്ന് ആഗ്രഹം. അവിടെത്തന്നെ ഉള്ള അടുത്ത ഒരു കടയില്‍ പോയി ചോദിച്ചു. എണ്‍പത് രൂപ. അതു കേട്ടപ്പോഴേ അച്ഛന് ചായ കുടിക്കാനുള്ള ആഗ്രഹം പോയി. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചു മേടിച്ചു. അതുംകൊണ്ട് സീറ്റില്‍ വന്നിരുന്നപ്പോള്‍ അടുത്ത പ്രശ്നം. ചായക്ക് മധുരമില്ല. പിന്നെ തിരിച്ചു പോയി കുറച്ചു പഞ്ചസാര കൊണ്ടുവന്നു അച്ഛന് കൊടുത്തു. ഇതാണ് ഇന്നത്തെ കാലത്തെ ചായ എന്ന് പറഞ്ഞാല്‍ അച്ഛന് അറിയില്ലല്ലോ . കഫെ കോഫി ഡേ എന്നൊന്നും പറഞ്ഞാല്‍ അച്ഛന് അറിയില്ല. ഞാനും ഇന്നു വരെ അവിടുന്ന് കുടിച്ചിട്ടില്ല എന്നത് വേറൊരു കാര്യം. എന്തായാലും ആ ചായ അച്ഛന് ഇഷ്ടപെട്ടില്ല. എനിക്കും.

സമയം രണ്ടര കഴിഞ്ഞു . മുംബൈ - വഡോദര വിമാനത്തില്‍ പോകാനുള്ളവര്‍ 16 -ആം ഗേറ്റില്‍ എത്താനുള്ള അറിയിപ്പ് വന്നു. മുന്‍പത്തെ കൊച്ചിയിലെ സംഭവങ്ങള്‍ അതെ പടി ഇവിടെയും. ബസ്‌ - സുന്ദരി - 17 എ ,ബി സീറ്റുകള്‍ . പക്ഷെ വിമാനത്തിനകത്ത്‌ ഭയങ്കര ചൂടാണ് . എ സീ പ്രവര്‍ത്തിക്കുന്നില്ല എന്ന് തോന്നുന്നു . ഞങ്ങളുടെ അടുത്തിരിക്കുന്ന പുള്ളി കോട്ടും സൂട്ടും ഒക്കെ ഇട്ടു വിയര്‍ത്തു കുളിച്ചിരിക്കുന്നു . അങ്ങേരു ഇടയ്ക്കിടക്ക് " പ്ലീസ്‌ സ്വിച്ച് ഓണ്‍ എ സീ " എന്ന് വിളിച്ചു കൂവി പക്ഷെ പ്രയോജനമുണ്ടായില്ല. 3 .15 വിടണ്ട വണ്ടി 4 മണിക്കാണ് എടുത്തത്‌ . അത് വരെ എ സീ യും ഇല്ലായിരുന്നു.തണുപ്പായി വന്നപ്പോഴേക്കും വഡോദര എത്തി. ഒരു ചൂടന്‍ യാത്ര. ഏകദേശം 5 മണിയോടെ വിമാനം വഡോദരയില്‍ എത്തി. ഞങ്ങളെ ഇറക്കാനുള്ള പടികള്‍ ഉരുട്ടി വിമാനത്തില്‍ ഘടിപ്പിച്ചു .


<a href="http://ekanthasanchaari.blogspot.in/2012/05/2.html"> മോഡിയുടെ നാട്ടില്‍ - ഭാഗം 2 </a>

1 comment:

  1. "ബാഗ്‌ പരിശോധിക്കാനായി വേറെ ലൈനില്‍ വച്ചിട്ടു ഞാനും അച്ഛനും മനുഷ്യന്മാരെ പരിശോധിക്കുന്ന ലൈനില്‍ കയറി നിന്നു. അപ്പോള്‍ ദെ തന്ത്രി വീണ്ടും മുന്‍പില്‍. പുള്ളി ഹൈദരാബാദ് പോകാനായി വന്നതാണ്‌. അവിടെ പൂജ ഉണ്ടത്രേ. കുറച്ചു കുശലമൊക്കെ പറഞ്ഞു സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അപ്പുറത്തെത്തിയപ്പോള്‍ അടുത്ത പ്രശ്നം. എന്റെ ബാഗ്‌ അവര്‍ മാറ്റി വെച്ചിരിക്കുന്നു. അതില്‍ എന്തോ ഇരുമ്പ് ..." നന്നായിട്ടുണ്ട്, രസകരമായ വിവരണ രീതി. ഒരല്‍പം തെക്കന്‍ ശൈലിയുണ്ടെന്നേയുള്ളൂ !

    ReplyDelete