Sunday, September 17, 2017

സോങ്‌മോയിൽ ഒരു ദിവസം ..

തൊട്ടു മുൻപത്തെ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക


ഇതാണ്  ആ കാഴ്ച . ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്രയും  മനോഹരമായ ദൃശ്യങ്ങൾ കാണാൻ അവസരം ലഭിക്കു. ഞങ്ങൾ പകർത്തിയ ഈ ദൃശ്യത്തിന് ആ ഭംഗി മുഴുവനും നിങ്ങളിലേക്കെത്തിക്കാനായോ എന്ന് സംശയമാണ് .



ലാചുങ്ങിലെ ഒരു മനോഹര കാഴ്ച


അവിടെ ആളുകൾ മഞ്ഞുകൊണ്ടുള്ള ചില രൂപങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു . ഒരു മണിക്കൂറോളം അവിടെ ചിലവൊഴിച്ച  ശേഷം ഞങ്ങൾ  ഗാങ്ടോക്കിലെയ്ക്ക്  യാത്ര തിരിച്ചു .




ലാചുങ്ങിലേക്കുള്ള പാത
ചില കുട്ടികളുടെ കലാസൃഷ്ടികൾ


 അടുത്ത ദിവസം രാവിലെ സോങ്‌മോ  തടാകം  കാണണം . അന്ന് രാത്രിയോടെ ഗാങ്ടോക്കിൽ എത്തി സോനം ഡീലക്സ്   ഹോട്ടലിൽ മുറി എടുത്തു . കഴിഞ്ഞ ദിവസം താമസിച്ച അത്ര ലുക്ക് ഒന്നും ഈ ഹോട്ടലിനു ഇല്ല. പക്ഷെ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു മുറി ആയിരുന്നു .

പിറ്റേന്ന്  രാവിലെ തന്നെ സോങ്‌മോ കാണാൻ ഞങ്ങൾ പുറപ്പെട്ടു . നാഥുല പാസ്സിന് അടുത്ത് തന്നെ ആണ് സോങ്‌മോ തടാകം . മഞ്ഞു  വീഴ്ച കാരണം നാഥുലയിൽ ആളുകളെ പോകാൻ അനുവദിക്കുന്നില്ല . അതിനാൽ സോങ്‌മോ തടാകം  മാത്രമേ കാണാൻ സാധിക്കു . അവിടെ അടുത്തുള്ള ഒരു കടയിൽ നിന്ന് കമ്പിളി ജാക്കറ്റ്  വാടകയ്ക്ക് എടുത്തു . കുറച്ചു ദൂരം നടന്നു വേണം തടാകത്തിന്റെ തീരത്തു എത്താൻ.മഞ്ഞിലൂടെ തടാകം ലക്ഷ്യമാക്കി നടന്നു തുടങ്ങി . ഒരു കയറ്റം നടന്നു കയറുമ്പോൾ ശ്രീജയോട് തെന്നി വീണാൽ താഴെ വരെ പോകും സൂക്ഷിച്ചു നടക്കണം എന്ന് ഞാൻ പറഞ്ഞതും ഞാൻ അവിടെ തെന്നി വീണതും ഒരുമിച്ചായിരുന്നു .  നാലഞ്ചു  മീറ്റർ തെന്നി താഴോട്ട് പോയപ്പോഴേക്കും സൈഡിലുള്ള കൈവരിയിൽ പിടിത്തം കിട്ടി. പിന്നെ ഒരു വിധം പണിപ്പെട്ടു എഴുനേറ്റ്  നടന്നു തടാകത്തിന്റെ തീരത്തെത്തി .
ഇന്നലെ കണ്ട അത്രയും മനോഹരമായ കാഴ്ച ഇനി ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു . എന്നാൽ ഇന്നലെ കണ്ടത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും ശെരിക്കുള്ള പൂരം ഇന്നാണ്  എന്ന് സോങ്‌മോയിൽ എത്തിയപ്പോഴാണ് മനസിലായത് .
താഴെ കാണുന്ന ഈ ചിത്രം മാത്രം മതിയാകും സ്ഥലത്തിന്റെ ഭംഗി മനസിലാക്കാൻ .

സോങ്‌മോ തടാകം മഞ്ഞു  കാറ്റു  വീശിയപ്പോൾ ...

സോങ്‌മോ തടാകത്തിനു മുന്നിൽ നിന്നും ക്യാമറാ വുമൺ ശ്രീജയോടൊപ്പം ലേഖകൻ സുമോദ് .. 



കാണാൻ നല്ല ലുക്ക് ഒക്കെ ആണെങ്കിലും വളരെ തണുപ്പാണ് സോങ്‌മോയിൽ . ഒപ്പം വളരെ ശക്തമായ കാറ്റും വീശുന്നുണ്ട്. തണുപ്പിനെ മറികടക്കാനുള്ള പ്രത്യേക ജാക്കറ്റ് ധരിച്ചില്ലെങ്കിൽ തണുത്തു മരവിച്ചു ഒരു പരുവമാകും എന്നത് ഉറപ്പാണ്

സോങ്‌മോയുടെ തീരത്തെ വിനോദസഞ്ചാരികൾ
ഈ യാക്ക്  യാക്ക്  (Yak) എന്ന ജീവിയെ പറ്റി  സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും അതിനെ ഇവിടെ വെച്ചാണ് വൃത്തിയായി ഒന്ന് കാണാനും തൊടാനുമൊക്കെ സാധിച്ചത് . ഒരുപാടു ആളുകൾ അതിന്റെ പുറത്തു കയറി സഞ്ചരിക്കുന്നുണ്ട് . ആയിരത്തി മുന്നൂറു രൂപ ആണ് ഒരു തവണ അതിന്റെ പുറത്തു കയറി സഞ്ചരിക്കാനുള്ള വില 

അധികം വിനോദ സഞ്ചാരികൾ എത്താത്തതിനാലാകാം ഒരുപാടു മാലിന്യങ്ങൾ ഒന്നും കാണാനില്ല. മൊത്തത്തിൽ മനസിന് ഒരു കുളിർമ ലഭിച്ച പോലെ .

ചൈനയുമായുള്ള അതിർത്തിയുടെ അടുത്തായതിനാൽ വിനോദ സഞ്ചാരികളുടെ അത്ര സൈനികരും ഇവിടെ ഉണ്ട്.  ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്. ആ പട്ടാളക്കാർക്കിടയിൽ പാലക്കാടുകാരനായ ഒരു മലയാളിയെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു പക്ഷെ ഇപ്പോൾ ചൈനയുമായി അടി ഉണ്ടായപ്പോൾ അതിർത്തിയിൽ നിന്ന നൂറ്റിഅന്പതു ഇന്ത്യൻ സൈനികരിൽ അദ്ദേഹവും ഉണ്ടായിരിക്കാം.
 
ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ തിരിച്ചു ഗാങ്ടോക്കിലെയ്ക്ക് യാത്ര ആരംഭിച്ചു  . വിദേശരാജ്യങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ 'എന്ത് ഭംഗിയാ ആ സ്ഥലം കാണാൻ' എന്ന് നമ്മൾ പറയാറില്ലേ . താഴെ ചേർത്തിരിക്കുന്ന ഈ ചിത്രവും വിഡിയോവും കണ്ടു നോക്കു . എന്നിട്ടു ഇങ്ങനെ  ഒരു  സ്ഥലം  ഇന്ത്യയിൽ ഉള്ളപ്പോൾ  വിദേശ രാജ്യങ്ങളിൽ  എന്തിനു ടൂർ പോകണം എന്ന് ഇങ്ങള് തന്നെ  തീരുമാനിക്കൂ .



ക്രിതുമസ് അപ്പൂപ്പനെ ഓർമിപ്പിച്ച ഒരു കാഴ്ച ...


തിരികെ വരും വഴി ഒരു ഗണപതി ക്ഷേത്രത്തിലും ഒരു ബുദ്ധ വിഹാരത്തിലും കയറി . അന്ന് വൈകുന്നേരം റൂമിൽ തിരിച്ചെത്തിയപ്പോൾ നാളെ തിരിച്ചു പോകണമല്ലോ എന്ന സങ്കടം ആയിരുന്നു മനസ്സ് നിറയെ. ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്ന പോലെ കോടികളുടെ ബിസിനസ്സോ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ടൂറിസം വികസനമോ ഒന്നും ഇവിടെ കാണ്മാനില്ല .ഒരു പക്ഷെ ആളുകൾ കള്ളത്തരം പഠിച്ചു വരുന്നതേ ഉണ്ടാകു . എന്തായാലും കുറെ നല്ല ആളുകളെയും ഒരു പിടി നല്ല ഓർമകളുമായി ആണ് ഞങ്ങൾ തിരിച്ചു മടങ്ങുന്നത്. ഭൂമിയിലെ ഈ സ്വർഗത്തിൽ വീണ്ടും വരാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ....