Friday, August 18, 2017

സിക്കിമിലൂടെ ഒരു യാത്ര - ഭാഗം മൂന്ന്

 ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക

ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക




ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം  പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ  പേരിൽ പ്രകൃതി സ്നേഹികളും  വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .

  ച്ചുംതാങ്ങിലെ  മറ്റൊരു  വെള്ളച്ചാട്ടം 
ച്ചും താങ്ങിലെ  ഡാം 

അവിടെ നിന്നും വാഹനം ലാചുങ്  ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി .  ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ  കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു  മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല  . സമയം അഞ്ചു മണി  ആകുന്നതേ .ഉള്ളു  പക്ഷെ നേരം ഇരുട്ടി തുടങ്ങി.


 അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു  മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ .  ഇവിടെ  നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും  ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു  ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ്  നേരത്തെ തന്നെ ശ്രീജയ്ക്കു  കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ  കൂടി ഇട്ടപ്പോൾ  ശ്രീജ  ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .

ഒരു കൊച്ചു മല 

രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് .  അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ്  ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .

പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ  ഷൂസും ഗ്ലൗസും  ഒക്കെ  വാടകയ്ക്കു  കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു  അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി  വീഴാൻ  മാത്രമേ സമയം കാണു . വാടകയ്ക്ക്  ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു  അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ്  , മൊത്തം ഇരുനൂറു രൂപ കൊടുത്തു .

യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു  വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ  കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര  സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് .  'ഫീലിംഗ് ഫന്റാസ്റ്റിക്  അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .

ഒരു ഫോട്ടോ 


ജീവിതത്തിൽ ആദ്യമായി മഞ്ഞു  കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ .  മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ  ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു 



മഞ്ഞു കണ്ട ശ്രീക്കുട്ടി 
കുറെ ദൂരം മഞ്ഞിൽ കൂടി നടക്കുകയും കുന്നിൻ ചെരുവിലൂടെ തെന്നി കളിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷം മഞ്ഞു  എറിയൽ മത്സരം ആയിരുന്നു. സിനിമയിൽ കാണുന്ന പോലെ മഞ്ഞു  ദേഹത്ത് വീഴുമ്പോൾ ചിരി അല്ല നല്ല വേദന ആണ് ഉണ്ടാവുക എന്ന സത്യം ഞാൻ മനസിലാക്കി . കുറെ നേരം മഞ്ഞു  എറിഞ്ഞു മടുത്തപ്പോൾ ആണ് ആ കാഴ്ച ഞങ്ങൾ കണ്ടത് .

എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...

Wednesday, August 16, 2017

സിക്കിമിലൂടെ ഒരു യാത്ര -ഭാഗം രണ്ട്



ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക 


സുപ്രഭാതം .കേരളത്തേതിൽ നിന്ന് വ്യത്യസ്തമായി സിക്കിമിൽ  വളരെ നേരത്തെ സൂര്യൻ .ഉദിക്കും. ഏകദേശം അഞ്ചു മണിക്ക് തന്നെ പ്രകാശം  പരന്നിരിക്കുന്നു. ലാചുങ്പ പറഞ്ഞ ഡ്രൈവർ  എട്ടു മണിക്ക് തന്നെ ഞങ്ങളെ കൊണ്ടുപോകാനായി എത്തി. യാത്ര തുടങ്ങും മുൻപ് പെട്രോൾ അടിക്കണം .  ഗാങ്ടോക്കിൽ  ആകെ രണ്ടു പമ്പ് മാത്രമേ ഉള്ളു . അവിടെ ആണേൽ നല്ല തിരക്കാണ് . ഇത്രയും  തിരക്ക് ഒരു പക്ഷെ കേരളത്തിലെ ബീവറേജ്  ഷോപ്പിൽ മാത്രമാണ് ഉണ്ടാവുക . അവിടെ മനുഷ്യർ ഇന്ധനം നിറയ്ക്കുന്നു എങ്കിൽ ഇവിടെ  വാഹനത്തിൽ നിറയ്ക്കുന്നു എന്ന് മാത്രം . ഇന്ധനം നിറച്ചു ഞങ്ങൾ ലാചുങ് ലക്ഷ്യമാക്കി യാത്ര തുടങ്ങി .

ഗാങ്ടോക്കിൽ  നിന്ന് ഏകദേശം അഞ്ചു മണിക്കൂർ  എടുക്കും ലാചുങ്ങിൽ എത്താൻ . പോകുന്ന വഴി കുറച്ചു വെള്ളച്ചാട്ടങ്ങളും അണക്കെട്ടും ഒക്കെ കാണാൻ ഉണ്ട് . യാത്ര തുടങ്ങി അധികം വൈകാതെ തന്നെ വണ്ടി മല  കയറി തുടങ്ങി. എല്ലാ റോഡും തുടങ്ങുന്നിടത്തു 'വെൽക്കം  ബ്രോ ' എന്ന് എഴുതി വെച്ചിട്ടുണ്ട് . സിക്കിമ്മുകാര് ഭയങ്കര യോ യോ ടൈപ്പ് ആണെന്ന ആദ്യം .കരുതിയത്  പിന്നെ ആണ് സംഭവം മനസിലായത് .'ബോർഡർ റോഡ്സ് ഓർഗനൈസേഷൻ'  എന്ന വിഭാഗം ആണ് സിക്കിമിലെ മിക്ക റോഡുകളും  പണിതിരിക്കുന്നത് . ബ്രോ  എന്ന് ചുരുക്കി പറയും . വളരെ സ്തുത്യർഹമായ പ്രവർത്തനം ആണ് ബ്രോ യുടേത് എന്ന് പറയാതെ വയ്യ . ഓരോ പത്തു കിലോമീറ്ററിലും മണ്ണ് മാന്തി മാറ്റാനുള്ള യന്ത്രം വെച്ചിട്ടുണ്ട് . എപ്പോഴും  മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശം ആകയാൽ വളരെ പ്രയാസമാണ് റോഡ് പണിയാൻ  . അഥവാ പണിതാൽ തന്നെ തൊട്ടടുത്ത മഴ കഴിയുമ്പോൾ ഒലിച്ചു  പോയിട്ടുണ്ടാകും . പിന്നെ മലയുടെ അടിവാരത്തിൽ പോയി മെറ്റൽ പെറുക്കാൻ മാത്രമേ സാധിക്കു . എങ്കിലും ഇരുമ്പു  പാലങ്ങളും കലിംഗുകളും ഒകെ പണിതു തങ്ങളാൽ ആകും വിധം ബ്രോ ആ റോഡുകൾ സംരക്ഷിച്ചു പോകുന്നു .

ലാചുങ്ങിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് അവിടെ വീടുകൾക്കും കടകൾക്കും പാലങ്ങൾക്കും മുൻപിൽ  മുൻപിൽ കെട്ടിയിരിക്കുന്ന കൊടികൾ ആയിരുന്നു. ബുദ്ധ മത വിശ്വാസ പ്രകാരം മന്ത്രങ്ങൾ എഴുതി കെട്ടിയവ ആണ് ആ കൊടികൾ  . അവ കെട്ടിയാൽ പിന്നെ വീട്ടിൽ  ഐശ്വര്യം വരും എന്നും ദുഷ്ട ശക്‌തികൾക്കു പ്രവേശിക്കാൻ കഴിയില്ല എന്നും ഒക്കെ ആണ് ഇവിടുത്തുകാരുടെ വിശ്വാസം . (ഞാനും ഒരു കൊടി  വാങ്ങി വീട്ടിൽ കൊണ്ട് വെച്ചിട്ടുണ്ട് . റിസൾട്ട് പിന്നീട് പറയാം )

ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഒരു യോ യോ മനുഷ്യൻ ആണ് . കൂളിംഗ് ഗ്ലാസും വെച്ച് ഹൂഡി പോലത്തെ ചുവന്ന ജാക്കറ്റ്  ഒക്കെ ഇട്ടു ഹിന്ദി പാട്ട്  ഒക്കെ വെച്ച്  അടിച്ചു പൊളിച്ചാണ് വണ്ടി ഓടിക്കുന്നത് . ഇടക്ക് ചില സിക്കിമിസ്  ഗാനങ്ങളും വെറും . കേട്ടാൽ ഒന്നും മനസിലാകില്ല എങ്കിലും നല്ല ഇമ്പമുള്ള പാട്ടുകൾ ആണ് അവ. സംശയം ഉണ്ടെങ്കിൽ ഈ പാട്ടു ഒന്ന് കേട്ട് നോക്കു . https://www.youtube.com/watch?v=_QnQkgE6MHc

അങ്ങനെ പാട്ടൊക്കെ കേട്ട് പോകുന്നതിനിടയിൽ ആണ് ആ മനോഹരനിമിഷം .വന്നെത്തിയത്  കാഞ്ചൻ ജംഗ പർവതം . വളരെ ദൂരെ അതാ കാഞ്ചൻ ജംഗ പർവ്വം നല്ല തലയെടുപ്പോടെ . നില്കുന്നു. ജീവിതത്തിൽ ഇതു  വരെ കണ്ടിട്ടുള്ള മലകൾ എല്ലാം വെറും കുന്നുകൾ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത് . മഞ്ഞു  മൂടി കിടക്കുന്ന പർവതം മനസിന് ശെരിക്കും ആനന്ദം പകരുന്ന കാഴ്ച തന്നെ ആണ് .
അല്പം കൂടി മുന്നോട്ടു  പോയപ്പോൾ ഒരു വലിയ വെള്ളച്ചാട്ടത്തിനു മുൻപിൽ എത്തി .  അതിരപ്പള്ളിയും മൂന്നാറും കുറ്റാലവും  ഒക്കെ കണ്ടിട്ടുള്ളതിനാൽ ആകാം അത് എന്നെ അധികം ഒന്നും ആകർഷിച്ചില്ല എന്ന് വേണമെങ്കിൽ പറയാം . അല്പം കുത്തനെ ഉള്ള  വെള്ളച്ചാട്ടം ആണ് . അതിന്റെ ഒരു വശത്തു കൂടി  കുറച്ചു കോളേജ് കുമാരന്മാർ കഷ്ടപ്പെട്ട് വലിഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു . എങ്ങാനും താഴെ വീണാൽ  കൊണ്ടുപോകാൻ അടുത്ത് ഒരു ആശുപത്രി പോലും ഇല്ലല്ലോ എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ചിന്ത .   അൽപ സമയത്തിന് ശേഷം അവിടെ നിന്ന് യാത്ര തിരിച്ചു. ച്ചുംതാങ് വഴിയാണ് ലാചുങ്ങിലേക്കുള്ള യാത്ര . ച്ചുംതാങ്ഇൽ ഒരു അണകെട്ട് പണിയുന്നുണ്ട് . വീണ്ടും വളരെ മനോഹരമായ ഒരു കാഴ്ച . ആ അണക്കെട്ടിന്റെ ഒരുവശത്തുള്ള ഹോട്ടലിൽ ഞങ്ങൾ ഊണ് കഴിക്കാൻ കയറി ..


 ഒരു കൊച്ചു  വെള്ളച്ചാട്ടം



ഊണിഷ് ശേഷം ഡാമിന്റെ ഒന്ന് രണ്ടു ഫോട്ടോ കൂടി എടുത്തിട്ട് യാത്ര തുടരുന്നതായിരിക്കും .. ഇപ്പോൾ  ഒരു കൊച്ചു ബ്രേക്ക് .. അടുത്ത ഭാഗം ഉടനെ ..


ഭാഗം മൂന്ന് വായിക്കുവാൻ ഇവിടെ ക്ലിക്കുക 

Tuesday, August 15, 2017

സിക്കിമിലൂടെ ഒരു യാത്ര

വേളി കഴിക്കാൻ  രണ്ടാഴ്‌ചത്തെ അവധി ചോദിച്ചപ്പോൾ ആകെ എട്ടു ദിവസം ആണ് തന്നത്. ബന്ധുക്കളെ കാണണോ അതോ എവിടെ എങ്കിലും കറങ്ങാൻ പോകണോ എന്നതായിരുന്നു മനസ്സിൽ പ്രധാനമായി വന്ന ഒരു ചോദ്യം . അപ്പോഴത്തെ ഭാവി വധുവും ഇപ്പോൾ എൻറെ നല്ല പാതിയുമായ ശ്രീജയുമായുള്ള ചർച്ചയ്ക്കു ശേഷം ടൂർ പോകാം എന്ന് തന്നെ തീരുമാനിച്ചു . ആ പതിവ് വെറുതെ തെറ്റിക്കണ്ടല്ലോ . 
എവിടെ പോകണം എന്നുള്ളതായി അടുത്ത ചർച്ച . എവിടെ പോയാലും വയനാട് പോകണം എന്ന് പറയല്ലേ എന്ന് മാത്രമായിരുന്നു ശ്രീജയുടെ ഡിമാൻഡ് . ഷില്ലോങ് , കുളു ,മനാലി തുടങ്ങി ഒരു പിടി സ്ഥലങ്ങൾ ചർച്ചയിൽ വന്നു എങ്കിലും അവസാനം ഞങ്ങൾ സിക്കിം എന്ന സ്ഥലം ആണ് തീരുമാനിച്ചത് . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന അവാർഡ് സിക്കിമിനാണല്ലോ കിട്ടിയത് . അത് വെറുതെ കൊടുത്തതല്ല  എന്ന് പിന്നീട്  ബോധ്യമായി .
ഇനി യാത്രയിലേയ്ക്ക് കടക്കാം . കൊല്ലവർഷം 1192  മീനം 7 (സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 2017  മാർച്ച്  21 ) ഞങ്ങൾ  സിക്കിമിലേയ്ക്ക് യാത്ര തിരിച്ചു . കൊച്ചിയിൽ നിന്ന് രാവിലെ ആറേമുക്കാൽ  മണിക്കാണ് വിമാനം . ഒൻപതേ മുക്കാൽ  മണിക്ക് ഡൽഹി അവിടുന്ന് വെസ്റ്റ് ബംഗാളിലെ ബാഗ് ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര യിൽ എത്തി . ഇനി ഈ വിമാന ടിക്കറ്റ് കിട്ടിയതിനു  പിന്നിൽ അല്പം രസകരമായ ഒരു കഥ ഉണ്ട് . ആദ്യം ബുക്ക് ചെയ്തത് കൊച്ചി - കൊൽക്കത്ത - ബാഗ്ദോഗ്ര എന്നായിരുന്നു . എന്നാൽ ആ വിമാനം അവർ ക്യാൻസൽ ചെയ്തു . അഞ്ചു ദിവസം മെയ്ക് മൈ ട്രിപ്പിൾ വിളിച്ചു ചീത്ത പറഞ്ഞിട്ടാണ് ഇ ടിക്കറ്റ് അവർ  തന്നത് . ഒരാഴ്ച മുൻപത്തെ ടിക്കറ്റ് മാത്രമാണ് അവൈലബിൾ എന്നാണ് അവർ പറഞ്ഞത് . കല്യാണം കഴിക്കാതെ ഹണിമൂൺ പോകാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു . ( കല്യാണം മീനം 4  അഥവാ മാർച്ച് 18  നു ആരുന്നു ).അല്ലെങ്കിൽ ഒരാഴ്ച കഴിയണം . തിരിച്ചു ഓഫീസിൽ കയറിയാൽ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു മധുവിധു യാത്ര പോലും പ്രതീക്ഷിക്കണ്ട . അവസാനം എന്റെ സങ്കടം കണ്ടു അവർ ഈ രണ്ടു ടിക്കറ്റ് തന്നു .

പതിവുപോലെ ചെക്ക് ഇൻ ടൈമിന് അഞ്ചു മിനിറ്റു മുൻപ് ഓടി അവസാനത്തെ ആളായി ചെക്ക് ഇൻ ചെയ്തു . പിന്നെ എല്ലാം സാധാരണ സംഭവിക്കുന്ന പോലെ . വിമാനത്തിന്റെ സമയം ആയപ്പോൾ അന്നൗൺസ്‌മെന്റ് വന്നു . ടിക്കറ്റ് കാണിച്ചു വിമാനത്തിൽ കയറി സീറ്റിൽ ഇരുന്നു . ഒരു പെൺകൊച്ചു വന്നു ആംഗ്യ ഭാഷയിൽ സീറ്റ് ബെൽറ്റ് ഇടേണ്ടത് എങ്ങനെ എന്നും കടലിൽ മുങ്ങിപോയാൽ എന്ത് ചെയ്യണം എന്നുമൊക്കെ കാണിച്ചു തന്നു . അന്നൗൺസ്‌മെന്റ് പുറകിൽ നിന്ന് ആരോ ചെയ്യുന്നുണ്ടാരുന്നു . കൊച്ചിയിൽ നിന്ന് ഡൽഹി . അവിടുന്ന് ബാഗ്ദോഗ്ര . പന്ത്രണ്ടു മണിക്ക് ബാഗ്ദോഗ്ര വിമാനത്താവളത്തിന് പുറത്തിറങ്ങി. ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ശ്രീജ . ആ സന്തോഷം സെൽഫി എടുത്തു പ്രകടമാക്കി . 


ഗുജറാത്തിൽ എന്റെ ഒപ്പം പഠിച്ച ഹാർദിക്, ചിത്ര , ഗാഥാ എന്നിവർ  നേരത്തെ തന്നെ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങ്ൾ ചെയ്തു തന്നിരുന്നു . ഗ്യാസുങ് ലചുങ്പ എന്ന ഒരു സിക്കിമിസ്  ചേട്ടൻ ആണ് ഞങ്ങളുടെ കോൺടാക്ട്  പേഴ്സൺ . അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള വണ്ടി വിമാനത്താവളത്തിൽ ഞങ്ങളെ കാത്തു  കിടപ്പുണ്ടായിരുന്നു . മനോഹരമായ ഒരു കാട്ടു പാതയിലൂടെ വണ്ടി കുതിച്ചു പാഞ്ഞു ഒടുവിൽ വൈകിട്ട് ഏഴു മണിയോടെ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ എത്തിച്ചേർന്നു . ഒരു കൊച്ചു നഗരം . ജനസംഖ്യ കുറവാണു എങ്കിലും റോഡുകൾ ചെറുതായതിനാൽ വാഹനങ്ങൾ എല്ലാം തന്നെ ബ്ലോക്കിൽ പെട്ട് കിടക്കുന്നു . ഞങ്ങളുടെ ഡ്രൈവർ അദ്ദേഹത്തിന്റെ കഴിവുകൾ മുഴുവൻ പ്രദർശിപ്പിച്ചു ആ ട്രാഫിക് ജാമിലൂടെ വണ്ടി ഓടിച്ചു ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു .

നഗരത്തിലെ ഹോട്ടലുകൾ എല്ലാം തന്നെ മനോഹരം ആണ് . ഒരു പക്ഷെ സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചു പണിതിട്ടുള്ളതാണ് അവിടുത്തെ കടകൾ എല്ലാം തന്നെ എന്ന് .പറയാം . സാമാന്യം നല്ല തണുപ്പുണ്ട് എന്നാണ് ശ്രീജ അവകാശപ്പെട്ടത് .  ഞാനും സമ്മതിച്ചു കൊടുത്തു . ( വെറുതെ എന്തിനാ വഴക്കു ഉണ്ടാക്കുന്നത് ). ആനന്ദിൽ നിന്ന് കേരളത്തിലേയ്ക്കു വന്ന ശേഷം ആദ്യമായിട്ട് അല്പം തണുപ്പ്  കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞാൻ . ഒരു ഏഴു എട്ടു ഡിഗ്രി ചൂട് ഉണ്ട് . ഹോട്ടലിൽ കയറിയ പാടെ ഒരു വല്യ ഷാൾ ഒക്കെ ഇട്ടു  വെൽക്കം ടു സിക്കിം എന്ന് പറഞ്ഞു ഞങ്ങളെ മുറിയിലേയ്ക്കു കൊണ്ട് പോയി . അല്പം സമയത്തിന് ശേഷം ലചുങ്പ എത്തി . ഒറ്റ നോട്ടത്തിൽ ഒരു ചീനക്കാരൻ    ആണെന്നെ പറയു . പക്ഷെ ആള് ഭാരതീയൻ ആണ് ട്ടാ . അടുത്ത മൂന്ന് ദിവസത്തെ പ്ലാനുകൾ എല്ലാം അദ്ദേഹം പറഞ്ഞു തന്നു . പിറ്റേന്ന് രാവിലെ ലാചുങ് പോകും . അവിടുന്ന് യുംതാങ് വാലി . തിരിച്ചു എത്തിയ ശേഷം നാഥുല പാസ് പിന്നെ ഫോടോങ് മൊണാസ്റ്ററി എല്ലാം കഴിഞ്ഞു നാലാം ദിവസം രാവിലെ തിരിച്ചുള്ള യാത്ര ഇതാണ്  പ്ലാൻ . രാവിലെ എട്ടു മണിക്ക് റെഡി ആകണം എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി.

എത്തിയതിന്റെ ആവേശത്തിൽ അന്നേരം തന്നെ ഗാങ്ടോക്ക് കാണാൻ ഞങ്ങൾ പുറത്തു ഇറങ്ങി നടന്നു . പക്ഷെ ഒട്ടും തണുപ്പ് ഇല്ലാത്തതിനാൽ പുറത്തേയ്ക്കു ഇറങ്ങിയ അതെ വേഗത്തിൽ തിരിച്ചു ഹോട്ടലിൽ കയറി .  അതിനിടയ്ക്ക് ഹോട്ടലിനു മുൻപിലുള്ള ബുദ്ധന്റെ പ്രതിമയുടെ അടുത്ത് നിന്ന് അല്പം നിശ്ചല ദൃശ്യങ്ങൾ പകർത്തി . 


മുറിയുടെ ഒരു വശം മുഴുവൻ ജനൽ ആണ് . ജനലിലൂടെ പുറത്തേയ്ക്കു നോക്കിയാൽ മനോഹരമായ മലനിരകൾ കാണാം .ആ മലയടുക്കുകളിൽ    ബുദ്ധ മത വിശ്വാസപ്രകാരം മന്ത്രങ്ങൾ എഴുതിയിരിക്കുന്ന കൊടികൾ പാറി പറക്കുന്നു  .ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന  പോലെ ഉള്ള നല്ല കിടിലൻ കാഴ്ചകൾ . അല്പസമയം ആ ജനലിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച ശേഷം രാവിലെ ഈ തണുപ്പത്തു എങ്ങനെ എഴുന്നേൽക്കും എന്ന സങ്കടത്തോടെ ഉറങ്ങാൻ .കിടന്നു.

ലചുങ്ങിലെ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ പറയാം . അല്പം സമയം ക്ഷമയോടെ കാത്തിരിക്കുക ...