Thursday, July 12, 2012

തട്ടത്തില്‍ മറയത്ത്

" പ്രണയം " -  ആയിരം സംവിധായകര്‍ ആയിരം തരത്തില്‍ പറഞ്ഞിട്ടുള്ള ഒരു പ്രമേയം . ചിലത് വിജയിക്കുക്കയും ചിലത് വന്‍ പരാജയം ആവുകയും ചെയ്തു ..  അക്കൂട്ടത്തില്‍ 'വിജയം' എന്നാ വിഭാഗത്തിലേയ്ക്ക് ചേര്‍ക്കാവുന്ന ഒരു സിനിമ ആണ് 'തട്ടത്തിന്‍ മറയത്ത്' . ഈ പോസ്റ്റില്‍ ചലച്ചിത്രത്തെ പറ്റി ഉള്ള ഒരു ' റിവ്യൂ ' അഥവാ കീറിമുറിച്ചുള്ള ഒരു പരിശോധന അല്ല ഞാന്‍ നടത്താന്‍ ഉദേശിക്കുന്നത് എന്ന് ആദ്യമേ പറയട്ടെ..

"എടാ നമുക്കൊരു പടത്തിനു പോകാം" എന്ന് എന്റെ ഒരു സുഹൃത്ത്‌ (ശരത്)  പറഞ്ഞപ്പോള്‍ "ഉസ്താദ് ഹോട്ടല്‍" വേണോ "തട്ടത്തില്‍ മറയത്ത് " വേണോ എന്ന ഒരു സംശയമാണ് ആദ്യം മനസ്സില്‍  വന്നത് .  പൊതുവേ പ്രണയം അഥവാ റൊമാന്‍സ് വിഭാഗത്തില്‍ പെട്ട ചിത്രങ്ങള്‍ ഞാന്‍ അധികം കാണാറില്ല. പ്രണയത്തോടുള്ള വിരോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത് . പല സിനിമകളും കാണാന്‍ പോയിട്ട് ഉണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ കൊണ്ടാണ് .. ഇന്ത്യക്കാരന്‍ ആയ ഹിന്ദുവായ പയ്യന്‍ , പാകിസ്ഥാന്‍കാരിയായ മുസ്ലിം പെണ്‍കുട്ടി - ഒരു അന്താരാഷ്ട്ര പ്രണയം ... അത്തരത്തില്‍ ഉള്ള ഒരു ഹിന്ദി പടവും , ഒരു മലയാള സിനിമയും കണ്ടതിന്റെ ദുഃഖം മനസിലുണ്ട്. നായികയുടെ അച്ഛന്‍ പണ്ട് കേരളം വിട്ടു പാകിസ്താനില്‍ പോയി താമസം തുടങ്ങുകയും നായിക കേരളത്തെ ഇഷ്ടപെടുകയും കൂടെ ചെയ്യുമ്പോള്‍ " കത്തി  " എന്നല്ലാതെ മറ്റൊരു വാക്കും അതിനു ചേരില്ലല്ലോ.. പിന്നെ ഹിന്ദു നായകനും ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തമ്മില്ലുള്ള പ്രണയവും മലയാള സിനിമ കുറെ കണ്ടിട്ടുണ്ട് .. അവയൊക്കെ കണ്ട സങ്കടം മൂലമാണ് ഇപ്പോള്‍ അത്തരം സിനിമകള്‍ക്ക്‌ പോകാത്തത് . പിന്നെ ശരത് "തട്ടത്തില്‍ മറയത്ത്" കാണാം എന്നങ്ങു പറഞ്ഞപ്പോള്‍ പോയേക്കാം എന്ന് വച്ചു .

അങ്ങനെ ഞാനും ശരത്തും കൂടി എറണാകുളത്തെ ഒബെരോണ്‍ മാളിലുള്ള പന്ത്രണ്ടു മുപ്പതിന്റെ  ഷോ കാണാന്‍ ടിക്കറ്റ്‌ എടുത്തു . ഏറ്റവും പുറകിലെ നിരയില്‍ പതിനെട്ടും പത്തൊന്‍പതും ആണ് ഞങ്ങളുടെ സീറ്റ്‌ . അവിടെ ചെന്ന് ഇരുപ്പുറപ്പിച്ചു. അപ്പോള്‍ ഇതാ വരുന്നു  തട്ടമിട്ട നാല് പെണ്‍കുട്ടികള്‍. എറണാകുളത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ആണ് എന്ന് യുണിഫോം കണ്ടപ്പോള്‍ മനസിലായി .." എടാ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തട്ടമിട്ട പെണ്‍കുട്ടികള്‍ പടത്തിനു വരുന്നത് കണ്ടോ" എന്ന് ഞാന്‍ ശരതിനോട് പറയാന്‍ പോയതും അവര്‍ വന്നു ഞങ്ങളുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും ഒരുമിച്ചരുന്നു .. ഇരുപതു തൊട്ടു ഇരുപത്തിമൂന്ന് വരെ ഉള്ള സീറ്റുകള്‍.  ജീവിതത്തില്‍ ഇന്നു വരെ തട്ടമിട്ട ഒരു പെണ്‍കുട്ടിയുടെ അടുത്ത്  ഇരുന്നിട്ടില്ലാത്ത  ഞാന്‍  അങ്ങനെ തട്ടമിട്ട നാല് പെണ്‍കുട്ടികളുടെ അടുത്ത് ഇരുന്നു  "തട്ടത്തിന്‍ മറയത്ത്"  എന്ന സിനിമ കണ്ടു. തികച്ചും യാദൃശ്ചികം മാത്രം , പക്ഷെ ഈശ്വരന്റെ ഓരോരോ പരിപാടികളെ ..


ഇനി നമുക്ക് സിനിമയിലേയ്ക്ക് വരാം ..

തുടങ്ങുമ്പോള്‍ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാവുന്ന ഒരു ചിത്രം . പക്ഷെ അവതരണത്തിലെ വ്യത്യസ്തത  എടുത്തു പറയേണ്ടതാണ് . അനാവശ്യമായ ഒരു ഷോട്ട് പോലും പടത്തില്‍  ഉണ്ടായിരുന്നു എന്നു എനിക്ക് തോന്നുന്നില്ല . ഇന്നത്തെ കാലത്തെ അടിച്ചുപൊളി ജീവിതത്തില്‍ പുതിയ തലമുറ മറന്നു പോകുന്ന രണ്ടു കാര്യങ്ങള്‍  - ഒന്ന്- യഥാര്‍ത്ഥ  സൗഹൃദം, രണ്ടു- പ്രണയം . ഇവ രണ്ടും ജീവിതത്തില്‍ എത്ര പ്രധാനമാണ് എന്നു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വെള്ളമടിക്കാന്‍ മാത്രമുള്ളതല്ല സൗഹൃദം എന്നും മൊബൈലിലൂടെ മാത്രം തെളിയിക്കാന്‍ പറ്റുന്നതല്ല പ്രണയം  എന്നും വളരെ കൃത്യമായി നമുക്ക്  പറഞ്ഞു തരുന്നു.  പിന്നെ വെറുമൊരു റൊമാന്റിക്‌ ചിത്രം മാത്രമല്ല എന്നത് ഈ സിനിമയെ വേറിട്ട്‌ നിര്ത്തുന്നു .  അചാരങ്ങളുടെ പേരില്‍ സമൂഹത്തില്‍ നിന്ന് എന്നും അകന്നു നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ജീവിതതിലെയ്ക്കുള്ള ഒരു വെളിച്ചം ആണ് ഈ സിനിമ എന്നാന്നു എനിക്ക് തോന്നിയത് .. " തട്ടതിനുള്ളില്‍ മൂടിവയ്ക്കേണ്ടത് പെണ്‍കുട്ടിയുടെ വിശുദ്ധിയാണ്  അവളുടെ സ്വപ്നങ്ങളല്ല " എന്നുള്ള   ഡയലോഗിന്  ഞങ്ങളുടെ അടുത്തിരുന്ന തട്ടമിട്ടിരുന്ന പെണ്‍കുട്ടികള്‍ കൊടുത്ത കൈയടി അത് സൂചിപ്പിക്കുന്നു.

പല ചിത്രങ്ങളിലെയും പോലെ പഠിക്കാന്‍ മോശമായ ഒരു നായകന്‍. പഠിക്കാന്‍ മിടുക്കിയായ അന്യമാതക്കാരിയായ ഒരു നായിക . അത് മാത്രമാണ്  പഴയ സിനിമകളില്‍ നിന്ന് വിനീത് ശ്രീനിവാസന്‍ കടം എടുത്തിട്ടുള്ളത്. ബാക്കി എല്ലാം ഇരുപതൊന്നാം നൂറ്റാണ്ടിനു വേണ്ടി ഉള്ളതാണ് .  എങ്കിലും നായികയെ കാണാന്‍ നായകന്‍ ശ്രമിക്കുന്ന ചില രംഗങ്ങള്‍ എവിടെയൊക്കെയോ കണ്ടു മറന്നപോലെ നമുക്ക് തോന്നും. പക്ഷെ ഒന്നും "ഓവര്‍ ആക്കിയിട്ടില്ല " എന്നതാണ്  സിനിമയുടെ വിജയം .

അഭിനയത്തെപ്പറ്റി പറയുകയാണെങ്കില്‍ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി അവതരിപ്പിച്ചു എന്നു പറയാം . ഓരോ ചെറിയ കഥാപത്രത്തെ പോലും  തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറ വിഭാഗത്തില്‍ ഒരുപാട് നായകര്‍ വന്നിട്ടുണ്ടെങ്കിലും ഫഹദ് ഫാസില്‍ ആണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന റൊമാന്റിക്‌ ഹീറോ.( പക്ഷെ രണ്ടുമൂന്നു ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഭിനയം കൊള്ളാമെങ്കിലും, ഫഹദ്  മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ആയി മാറിക്കൊണ്ടിരിക്കുവാണോ എന്ന ഒരു സംശയം തോന്നുകയുണ്ടായി. )    നിവിന്‍ പോളിക്കും റൊമാന്‍സ് വഴങ്ങും എന്നു തെളിയിച്ചു . വളരെ മനോഹരമായിട്ടാണ് തന്റെ റോള്‍ അവതരിപ്പിച്ചിരിക്കുന്നത് . നായികയുടെ റോള്‍ അവതരിപ്പിച്ച നടിക്ക് ( ഇഷ തല്‍വാര്‍ ) മുഖത്ത് അല്പം കൂടി ഭാവം ഒക്കെ വരുത്താമായിരുന്നു എന്നു തോന്നി . പക്ഷെ എന്തായാലും പടം നന്നയതിനാല്‍ കുഴപ്പങ്ങള്‍ ഒന്നുമില്ല. മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ഭാഗം മനോഹരമാക്കി .. മനോജ്‌ കെ  ജയന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ് .
 തിരക്കഥ , സംഭാഷണം തുടങ്ങിയ സംഭവങ്ങള്‍ ശരിക്കും നന്നായിട്ടുണ്ട് . " സിമോണ്ട്സിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ " , " പത്തു പതിനാലു ദിവസമായി പട്ടിണി കിടന്നവന് മുന്‍പില്‍ കിട്ടിയ്യ ചിക്കന്‍ ബിരിയാണി പോലെ " തുടങ്ങിയ ഡയലോഗുകള്‍ സന്ദര്‍ഭത്തിന് ചേരും വിധം മനോഹരമായി ചേര്‍ത്തിരിക്കുന്നു .
പാട്ടുകള്‍ എല്ലാം തന്നെ വലിയ കുഴപ്പമില്ലാത്തവയാണ്. പാട്ടുകളുടെ എണ്ണം അല്പം കൂടുതല്‍ ആണ് . പക്ഷെ  സന്ദര്‍ഭത്തിന് ചേരാത്ത രീതിയില്‍ പാട്ടിനു വേണ്ടി പറ്റു കുത്തിത്തിരുകി എന്നു  ഒരിക്കലും പറയാനുമാകില്ല ..
പിന്നെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൈകാര്യം ചെയ്ത വ്യക്തി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നു കൂടി ഞാന്‍ ചേര്‍ക്കുന്നു ..

കുറ്റങ്ങള്‍ കണ്ടുപിടിക്കനനെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വേണമെങ്കില്‍ പറയാന്‍ കഴിഞ്ഞേക്കും .. ഒരിക്കലും നടക്കാത്ത ഒരു കഥ ആണ് എന്നോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന കഥ എന്നോ വേണമെങ്കില്‍ പറയാം .
പക്ഷെ അവയൊക്കെ തന്നെ വിനീത് ശ്രീനിവാസനും സംഘവും നല്‍കിയ ഈ  മനോഹരമായ വിരുന്നില്‍  നാം മറക്കും .. ഓരോ ഷോട്ടിലും മനോഹരമായ ഒരു ലോകമാണ് അദ്ദേഹം തീര്തിരികുന്നത് . 
പടം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ് വളരെ സന്തുഷ്ട്മായിരുന്നു . ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷം..

ഒരാള്‍ക്ക് പാരമ്പര്യമായി എന്തൊക്കെ കഴിവുകള്‍ കിട്ടിയാലും കലാപരമായ കഴിവുകള്‍ അങ്ങനെ കിട്ടുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍ . പക്ഷെ കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവങ്ങളില്‍ നിന്ന് എന്റെ  ആ വിശ്വാസം മാറേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയം തുടങ്ങിയപ്പോള്‍ ആദ്യമായി എന്റെ വിശ്വാസം തെറ്റാണു എന്ന് തോന്നിത്തുടങ്ങിയത് . ക്ലാസ്സ്‌ മേറ്റ്സ് , ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ അച്ഛനോളം തന്നെ കഴിവ് തനിക്കുണ്ട് എന്ന് തെളിയിക്കാന്‍ ഇന്ദ്രജിത്തിനായി. പിന്നീടു ശ്രീനിവാസന്റെ മകന്‍  -  വിനീത് ശ്രീനിവാസന്റെ -  'മലര്‍വാടി ആര്‍ട്സ് ക്ലബ്‌' ആ സംശയം ഒന്നുകൂടി ബലപ്പെടുത്തി. "ശരിക്കും കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ ? " എന്ന് ഞാന്‍ മനസ്സില്‍ ചോദിച്ചു തുടങ്ങി . പിന്നീടു ദുല്‍ഖര്‍ സല്‍മാന്‍ (മമ്മൂട്ടിയുടെ മകന്‍ )  വന്നപാടെ രണ്ടു അടിപൊളി പടങ്ങള്‍ .. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ വീണ്ടും ഒരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുന്നു ..  ശരിക്കും ഈ കലാപരമായ കഴിവ് പാരമ്പര്യമായി കിട്ടുമോ  ????



 P S : I dedicate this post to my friend Mridul George.