Saturday, April 11, 2020

കൊറോണക്കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ

കോറോണകാലത്തു സാമ്പത്തികമാന്ദ്യത്തെ എങ്ങനെ നേരിടാം എന്ന്  എല്ലാവരും ആലോചിക്കുന്ന സമയമാണിത് . എനിക്ക് തോന്നിയ ചില ആശയങ്ങൾ ഞാൻ പങ്കു വെയ്ക്കുന്നു .

1 . നിങ്ങളിൽ ചിലരെങ്കിലും പൈസ എല്ലാം സേവിങ്സ് അക്കൗണ്ടിൽ ഇടുന്നവരോ വീട്ടിൽ തന്നെ സൂക്ഷിക്കുന്നവരോ ആയിരിക്കും. അങ്ങനെയുള്ളവർ  ഉടനെ തന്നെ പൈസ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഇന്റർനെറ്റ് ബാങ്കിങ് ആരംഭിക്കുകയും അതുവഴി അക്കൗണ്ടിലെ പൈസ മുഴുവൻ ഫിക്സഡ് ഡിപ്പോസിറ്റ് ആക്കുകയും ചെയ്യുക. സേവിങ്സ് ബാങ്കിൽ കിടക്കുന്ന പൈസയ്ക്ക് മൂന്നര ശതമാനം പലിശ ആണ് എങ്കിൽ ഫിക്സഡ് ഡെപോസിറ്റിനു ഏഴര മുതൽ എട്ടു ശതമാനം പലിശ ലഭിക്കും. അതായതു ഒരു ലക്ഷം രൂപ ഫിക്സഡ് ഡെപോസിറ്റിലേയ്ക്ക് മാറ്റിയാൽ മാസം മുന്നൂറ്റമ്പതു രൂപ കൂടുതൽ ആയി കിട്ടും . അതുകൊണ്ടു ഒരു പത്തു കിലോ അരി എങ്കിലും മേടിക്കാൻ സാധിച്ചാൽ ഒരാഴ്ചത്തേയ്ക്കുള്ള ആഹാരമായി .

2 . സർക്കാർ നൽകുന്ന എല്ലാ സേവനങ്ങളും പരമാവധി ഉപയോഗപ്പെടുത്തുക.ഞാൻ കഴിഞ്ഞ ആഴ്ച പതിനഞ്ചു കിലോ റേഷൻ വാങ്ങുകയുണ്ടായി . അതുകൊണ്ടു രണ്ടാഴ്ചത്തേക്ക് പട്ടിണി കിടക്കേണ്ട എന്ന് ഉറപ്പാണ് . അതുപോലെ തന്നെ പ്രധാനമാണ് അർഹതയില്ലാത്ത ആനുകൂല്യങ്ങൾ മേടിക്കാതിരിക്കുക എന്നത് . അത് ആവശ്യമുള്ളവർക്ക് കിട്ടുന്നതാണ് നാടിനു നല്ലതു.

വരവ് കൂട്ടുന്നതുപോലെ തന്നെ പ്രധാനമാണ് ചെലവ് കുറയ്ക്കുന്നത് . പല ചെലവുകളും അനാവശ്യമായിരുന്നു എന്ന് കഴിഞ്ഞ രണ്ടാഴ്ചകൊണ്ട്‌ തന്നെ നമുക്ക് മനസ്സിലായിക്കാണും . ചിലവുകൾ അല്പം കൂടി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട സമയം ആണിത് . ചിലവുകൾ പലതായി തിരിച്ചു അനാവശ്യ ചിലവുകൾ ഒഴിവാക്കണം . ഒരു മാസം ഉണ്ടാകുന്ന ചിലവുകൾ നോക്കിയാൽ അടുക്കളയിലെ ആവശ്യങ്ങള്ക്ക് ഉള്ള ചിലവുകൾ, മരുന്നിനുള്ള ചിലവുകൾ, വൈദ്യുതി ബില്ല് , പെട്രോൾ ബില്ല് തുടങ്ങി പല ചിലവുകളും ഉണ്ടാകാം . അതിൽ പെട്രോൾ ചെലവ് ഇപ്പോൾ കുറയുകയും , വൈദ്യുതി ചെലവ് കൂടുകയും ചെയ്തിട്ടുണ്ടാകും . മരുന്ന് ചിലവിൽ വലിയ മാറ്റം ഉണ്ടായിട്ടുമുണ്ടാകില്ല .  മിക്കവർക്കും കഴിഞ്ഞ പതിനഞ്ചു  ദിവസം  ചെലവ് നേരെ പകുതി ആയി കുറഞ്ഞിട്ടുണ്ടാകും .

ചെലവ് നിയന്തിക്കാൻ ഉള്ള ചെറിയ ചില ഉപായങ്ങൾ
1 .ചെലവ് കുറഞ്ഞ സാധനങ്ങൾ കണ്ടുപിടിച്ചു ഉപയോഗിക്കുക : ഒരു ഉദാഹരണത്തിന് നിങ്ങള്ക്ക് കാരറ്റ് തോരൻ വയ്ക്കണം എന്ന് തോന്നിയാൽ അതിനു പകരം ബീറ്റ്റൂട്ട് തോരൻ വയ്ക്കുക . തോരൻ ഉണ്ടാക്കുകയും ആയി എന്നാൽ ചെലവ് ചുരുക്കലും നടന്നു. അതുപോലെ സ്വന്തം പറമ്പുള്ളവർ അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു തവണ വീട്ടിലെ പറമ്പിലെ ചക്ക കൊണ്ട് കൂട്ടാൻ വെയ്ക്കുമ്പോൾ ആരോഗ്യത്തിന് നല്ലതാണു എന്ന് മാത്രമല്ല ചിലവും കുറയും . കുളിക്കാൻ പിയേഴ്സ് ഉപയോഗിച്ചവർ ക്യൂട്ടി ആക്കുന്നതും ചെലവ് കുറയ്ക്കാൻ നല്ലതാണു .( ഒരു ബ്രാൻഡിനെയും അനുകൂലിക്കുന്നതോ എതിർക്കുന്നതോ അല്ല. ക്യൂട്ടിയിലും നല്ല വില കുറഞ്ഞ സോപ്പ് കിട്ടിയാൽ അത് ഉപയോഗിക്കുക )

2. ഊർജം ലാഭിക്കുന്നതിനു : പെട്രോൾ ഉപയോഗം കുറഞ്ഞെങ്കിലും വൈദ്യുതി ഉപയോഗം മിക്ക വീട്ടിലും ഉയർന്നിട്ടുണ്ടാകും . എല്ലാവരും വീട്ടിലുള്ളതുകൊണ്ടു തന്നെ അതിനു സാധ്യത കൂടുതൽ ആണ്. കഴിയുമെങ്കിൽ പകൽ സമയം എല്ലാവരും ഹാളിലോ അല്ലെങ്കിൽ ഒരു മുറിയിൽ ഒരുമിച്ചോ ചിലവഴിക്കുക , എല്ലാവരും ഒരുമിച്ചിരിക്കുന്ന ആനന്ദത്തിനോടൊപ്പം വൈദ്യുതി ബില്ല് കുറയ്ക്കാനും ഉപകരിക്കും. പിന്നെ കടകൾ തുറന്നു കഴിയുമ്പോൾ 27  വാട്ട് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന DC പങ്കകൾ വാങ്ങി വയ്ക്കുക. എന്റെ വീട്ടിൽ കഴിഞ്ഞ സെപ്റ്റംബറിൽ എല്ലാവരും കൂടുതൽ ഉപയോഗിക്കുന്ന മൂന്ന് മുറികളിൽ  ഇത്തരം പങ്കകൾ വാങ്ങി പിടിപ്പിക്കുകയും അതിലൂടെ മാസം ഏകദേശം 200 -250 രൂപ ലാഭിക്കുകയും ചെയ്തു.

3 . അനാവശ്യമായി പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങിക്കാതിരുക്കുക . ഉള്ള മൊബൈൽ ഫോൺ തന്നെ കുറച്ചു കാലം കൂടി ഉപയോഗിക്കുക . നമ്മുടെ ആവശ്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം അല്ലാതെ ബ്രാൻഡ് മറ്റുള്ളവരെ കാണിക്കുക എന്നത് അടുത്ത കുറച്ചു കാലത്തേക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ് .

4 .മൂലധനചിലവുകൾ കുറയ്ക്കുക - ഉദാഹരണത്തിന് ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അത് തത്കാലത്തേക്ക് മാറ്റി വെയ്ക്കുക . ഇനി അഥവാ വാങ്ങിയേ മതിയാകു എങ്കിൽ ബുള്ളറ്റിനു പകരം ഹീറോ ഹോണ്ട സ്‌പ്ലെൻഡർ വാങ്ങുക . കുറഞ്ഞ ചെലവ്, കൂടുതൽ ദൂരം. കുറഞ്ഞ പലിശ ഒക്കെ പറഞ്ഞു ബാങ്കുകാർ അടുത്ത് വരും . പക്ഷെ തിരിച്ചടയ്ക്കാൻ എന്നുറപ്പുണ്ടെങ്കിൽ മാത്രം ലോൺ എടുക്കുക . ഓർക്കുക , ബൈക് വാങ്ങുന്നത് നിങ്ങളുടെ ഉപയോഗത്തിനാണ്. അല്ലാതെ നാലഞ്ചു മാസതവണ അടച്ചു ബാങ്കിന് ഉപയോഗിക്കാൻ കൊടുക്കാനല്ല .

ഒന്ന് ശ്രമിച്ചാൽ വരുമാനം രണ്ടു മുതൽ മൂന്ന് ശതമാനം വരെ ഉയർത്താനും , ചിലവുകൾ അമ്പതു ശതമാനം കുറയ്ക്കാനും സാധിക്കും . മിച്ചം കിട്ടുന്ന പണം വീണ്ടും ഫിക്സഡ് ഡിപ്പോസിറ്റ്‌ ഇടുകയോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഫണ്ടിലേക്ക് ദാനം ചെയ്യുകയോ ചെയ്യുക . മറ്റുള്ളവരും രക്ഷപെടട്ടെ . നമുക്ക് കാശ് കൊടുത്തു അരിയും പച്ചക്കറിയും വാങ്ങാൻ സാധിക്കണമെങ്കിൽ തമിഴ് നാട്ടിലുള്ളവർ അത് കൃഷി ചെയ്യുക കൂടി വേണമല്ലോ.

മറ്റൊരു കാര്യം പറയാനുള്ളത് ഈ വര്ഷം പഠനം പൂർത്തിയാക്കുന്ന വിദ്യാര്ഥികളോടാണ് . അടുത്ത രണ്ടു വര്ഷം അവസരങ്ങൾ കുറവായിരിക്കും. ജോലി കിട്ടിയാൽ തന്നെ ശമ്പളം കുറവായിരിക്കും . പറ്റുമെങ്കിൽ നിങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനു പോവുക . ഞാൻ 2009 -ഇൽ എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ സാമ്പത്തിക മാന്ദ്യം ആണ് ലോകം അവസാനിക്കാനായി എന്നൊക്കെ ആണ് കേട്ടിരുന്നത് .പലരും മറ്റു അവസരങ്ങൾ നോക്കാതെ കുറഞ്ഞ ശമ്പളത്തിൽ കിട്ടിയ ജോലിയിൽ മുറുക്കെ പിടിച്ചു . പക്ഷെ കുറച്ചു പേരെങ്കിലും MTECH/ MBA/PHD പഠിക്കാൻ പോയി. 2011 ഇല് അവർ പഠിച്ചിറങ്ങിയപ്പോഴേക്കും ലോകം തന്നെ മാറിയിരുന്നു . ഉയർന്ന ശമ്പളത്തിൽ കൂടുതൽ മെച്ചപ്പെട്ട ജോലി അവർക്കു ലഭിച്ചു . അതുകൊണ്ടു , നിങ്ങളുടെ ശമ്പളം വീട്ടിൽ ഇപ്പോൾ അത്യാവശ്യം അല്ല എങ്കിൽ ഉപരിപഠനം ആണ് നല്ലതു