Wednesday, May 16, 2012

കേരള പോലീസിന്‍റെ ജനസ്നേഹം

കഴിഞ്ഞ മാസം എന്‍റെ ഒരു സുഹൃത്ത്‌ നമ്മുടെ ഈ കൊച്ചു കേരളം കാണാനായി വന്നിരുന്നു. മൈസൂരില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു. തന്മയ് മിശ്ര എന്നാണ് ടിയാന്‍റെ പേര് . ഉത്തര്‍ പ്രദേശ്‌ ആണ് സ്വദേശം . ഇപ്പോള്‍ ‍ ചെന്നൈ ആഫിസിലാണ് ജോലി . ഒപ്പം 5 -6 സുഹൃത്തുക്കളും ഉണ്ടായിരുന്നു . എനിക്ക് അത്യാവശ്യമായ് നാട്ടില്‍ ( കൊച്ചിയില്‍) പോകേണ്ടിയിരുന്നതിനാല്‍ അവര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കാണാന്‍ ‍ പറ്റിയില്ല :(
ഒരു പക്ഷെ അത് നന്നായി എന്ന് വേണമെങ്കില്‍ പറയാം. കാരണം ഇവിടെ വച്ച് അവന്‍റെ പേഴ്സ് മോഷണം പോയി.( ഞാന്‍ ഉണ്ടായിരുന്നെകില്‍ നമ്മുടെ നാടിനെപറ്റി എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ ) പത്മനാഭന്‍റെ നാട്ടില്‍ വെച്ച് മോഷണമോ ? കലികാലം എന്നല്ലാതെ എന്താ പറയുക.. പക്ഷെ അത് സംഭവിച്ചു.അവന്‍ അത് തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍-ഇല്‍ ‍ അറിയിച്ചിട്ട് തിരിച്ചു ചെന്നൈയ്ക്ക് പോയി. ഇനിയാണ് ആ അത്ഭുതം സംഭവിക്കുന്നത്‌ . നമ്മുടെ പോലീസ് ആ പേഴ്സ് കണ്ടുപിടിച്ചു !!!!! മുഴുവനും കണ്ടു പിടിച്ചു എന്ന് പറയുന്നില്ല . ആ പേഴ്സ് കിട്ടി. പൈസ ഇല്ല എന്ന് മാത്രം . ഏതോ വിവരം കെട്ട കള്ളന്‍ ആയിരുന്നു മോഷ്ടാവ് .കാരണം പൈസ എടുത്തിട്ട് ക്രെഡിറ്റ്‌ കാര്‍ഡും എ.ടി .എം കാര്‍ഡും ഒക്കെ വഴിയില്‍ ഉപേക്ഷിച്ചു . ആരോ അത് കിട്ടിയപ്പോ പോലീസില്‍ ഏല്പിച്ചു . അത്ര തന്നെ . എന്തായാലും 2 ദിവസം കഴിഞ്ഞു തന്മയ് എന്നെ വിളിച്ചിട്ട് ആ പോലീസ് സ്റ്റേഷനില്‍ പോയി പേഴ്സ് മേടിച്ചു അയച്ചു തരണം എന്ന് പറഞ്ഞു . സന്തോഷപൂര്‍വ്വം ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു .

അങ്ങനെ എന്‍റെ ദൌത്യം നിര്‍വഹിക്കാനായി ഞാന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ തപ്പി യാത്രയായി . അവിടെ എസ്. ഐ (പേര് ഞാന്‍ മറന്നു പോയി ) -യെ കണ്ട് എന്‍റെ പേര് പറഞ്ഞാല്‍ അത് തരും എന്നാണ് തന്മയ് പറഞ്ഞത്. നമ്മുടെ പോലീസ് അല്ലേ, എനിക്കത് അത്ര വിശ്വാസമായില്ല . പോകുന്ന വഴി ഒരു 500 rs കൂടി എടുത്തു .

പോലീസ് സ്റ്റേഷന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ന്റെ അടുത്താണ് എന്ന് എനിക്കറിയാമായിരുന്നു . ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ന്‍റെ മുന്നില്‍ എത്തി. അവിടെ നിന്നിരുന്ന ഒരു ട്രാഫിക്‌ പോലീസുകാരനോട്‌ "സാറേ സ്റ്റേഷന്‍ ‍ എവിടാ?" എന്ന് ചോദിച്ചു." ദേ അതാണ് സ്റ്റേഷന്‍ " അയാള്‍ റെയില്‍വേ സ്റ്റേഷന്‍ ചൂണ്ടികാട്ടി പറഞ്ഞു .എനിക്ക് ദേഷ്യം വന്നു . പക്ഷെ ഇതു എന്‍റെ തെറ്റാണു . ഞാന്‍ ഏതു സ്റ്റേഷന്‍ ആണെന്ന് പറഞ്ഞില്ലല്ലോ . "സര്‍ ‍ ഞാന്‍ പോലീസ് സ്റ്റേഷന്‍ ആണ് ഉദേശിച്ചേ" . അപ്പോള്‍ അയാളുടെ മുഖത്ത് വന്ന ഒരു കള്ളച്ചിരി ഞാന്‍ ശ്രദ്ധിച്ചു . എനിക്ക് അയാള്‍ വഴിപറഞ്ഞു തന്നു . നന്ദി പറഞ്ഞു ഞാന്‍ വണ്ടിയെടുത്തപ്പോള്‍ അയാള്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു . ഒരു പെറ്റി കേസ് പ്രതിയെ നോക്കി ചിരിക്കും പോലെയാണ് എനിക്ക് ആ ചിരി തോന്നിയത് .

ഞാന്‍ സ്റ്റേഷനില്‍ എത്തി എന്‍റെ ബൈക്ക് പുറത്തു പാര്‍ക്ക്‌ ചെയ്തു . അകത്തു കയറ്റാന്‍ ധൈര്യം വന്നില്ല.

ഞാന്‍ അകത്തേയ്ക്ക് കയറി . വലിയ സൌകര്യങ്ങലോന്നുമില്ല. ഓടിട്ട ഒരു പഴയ വീട് പോലെയുണ്ട് ആ സ്റ്റേഷന്‍ . അതില്‍ ഒരു മുറിയില്‍ എനിക്ക് കാണണ്ട എസ് . ഐ സാറ് ഇരിക്കുന്നു . മുന്‍പില്‍ തന്നെ ബോര്‍ഡ് ഉള്ളതുകൊണ്ട് ചോദിക്കണ്ടി വന്നില്ല. പുള്ളിയെ കണ്ടപ്പോ അതുവരെ ഉണ്ടായിരുന്ന ധൈര്യം കൂടെ പോയ പോലെ എനിക്ക് തോന്നി .

സകല ധൈര്യവും സംഭരിച്ചു ഞാന്‍ പറഞ്ഞു " സര്‍ എന്‍റെ പേര് സുമോദ് . എന്‍റെ ഒരു ഫ്രണ്ടിന്റെ പേഴ്സ് ..."
" ഓഹോ താനാണലേ സുമോദ് . തന്മയ് പറഞ്ഞിരുന്നു വരുമെന്ന് . " ഞാന്‍ മുഴുവന്‍ പറയും മുന്‍പേ അദ്ദേഹം പറഞ്ഞു.
തന്മയെ ഈ പുള്ളിക്ക് വര്‍ഷങ്ങളുടെ പരിച്ചയമുള്ളപോലെയാണ് സംസാരം.
അയാള്‍ തൊട്ടപ്പുറത്തെ മുറിയില്‍ ഇരുന്നിരുന്ന ആളെ വിളിച്ചിട്ട് " ആ സാധനം ഇയാളുടെ കൈയില്‍ കൊടുത്തേരെ " അയാള്‍ എന്നെ ഒന്ന് നോക്കി .
എന്നിട്ട് അദ്ദേഹം മനോഹരമായ തിരുവനന്തപുരം ശൈലിയില്‍ എസ് . ഐ യോട് തിരിച്ചു ചോദിച്ചു .
" യാതു സാധനം ?"
"മിനിയാന്ന് ഒരു ഉത്തര്‍ പ്രദേശുകാരന്റെ പേഴ്സ് കിട്ടിയില്ലേ അത് തന്നെ . ഇയാള്‍ അവന്‍റെ ഫ്രണ്ട് ആണ് "
" ഓ തന്നെ " എന്നെ നോക്കികൊണ്ട്‌ അദ്ദേഹം പറഞ്ഞു .


എന്നെ അദ്ദേഹം തൊട്ടടുത്ത മുറിയിലേയ്ക്ക് കൊണ്ടുപോയി . അവിടെ ഒരു കസേരയില്‍ ഒരു കോണ്‍സ്റ്റബിള്‍ ഇരുന്നു എന്തൊക്കെയോ എഴുതുന്നുണ്ടായിരുന്നു.
" ആ സാധനങ്ങള് അങ്ങ് കൊടുത്തു വിട്ടെരെടെയ് . യെവന്‍ ആ പയ്യന്റെ ഫ്രണ്ട് ആണ് ‍ " അലമാരയിലിരുന്ന ഒരു പൊതി ചൂണ്ടി ആ കോണ്‍സ്റ്റബിള്‍-ഇനോട് പറഞ്ഞു .
കോണ്‍സ്റ്റബിള്‍ ആ പൊതി തുറന്നു പേഴ്സ് എടുത്തു. എന്നിട്ട് ഒരു കടലാസ്സില്‍ എന്നെപറ്റി എഴുതാന്‍ തുടങ്ങി. ഞാന്‍ കൊണ്ട് പോയി എന്ന് എഴുതി ഒപ്പിട്ടാലെ തന്നു വിടാന്‍ പറ്റുകയുള്ളു .
"മോന്‍റെ പേരെന്താ? "
ഞാന്‍ പേര് പറഞ്ഞു .
" ഏതു താലൂക്കിലാണ് വീട്? "
"കണയന്നൂര്‍ താലൂക് "
"അഡ്രസ്‌ പറയു."
ഞാന്‍ പറഞ്ഞു കൊടുത്തു. അയാള്‍ എഴുതിതുടങ്ങി . പെട്ടന്ന് അപ്പുറത്തെ മുറിയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നു അവിടെ നിര്‍ത്തി .
കൂടെ എസ് ഐ സര്‍ -ഉം ഉണ്ടായിരുന്നു .
ഞാന്‍ അല്പം പേടിയോടെ അങ്ങോട്ട്‌ നോക്കി.ഇതൊക്കെ ഇവിടുത്തെ സ്ഥിരം പരിപാടി അല്ലെ എന്ന മട്ടില്‍ കോണ്‍സ്റ്റബിള്‍ എഴുത്ത് തുടര്‍ന്ന്.
എസ് ഐ : " നീ എന്തിനാടാ മോഷ്ടിക്കാന്‍ പോയെ ? "
പ്രതി : "മോഷ്ടിക്കാന്‍ പോയതല്ല . ഞാന്‍ കോവളത്ത് കാറ്റ് കൊള്ളാന്‍ പോയതാ.അതിനിടയ്ക്കാണ് സംശയത്തിന്‍റെ പേരില്‍ എന്നെ പിടിച്ചോണ്ട് വന്നത് "
എസ് ഐ : "പാതിരാത്രി 12 മണിക്കാണോടാ നിന്റെ കാറ്റ് കൊള്ളല്‍? അവിടെ കിടക്കെടാ "
കയില്‍ ഒരു വിലങ്ങു വെച്ച് അയാളെ എസ് ഐ നിലത്തിരുത്തി.
അപ്പോഴേക്കും കോണ്‍സ്റ്റബിള്‍ എഴുതികഴിഞ്ഞിരുന്നു . പ്രതിയെ നോക്കുന്നത് കണ്ടു അയാള്‍ പറഞ്ഞു " എത്ര സൂക്ഷിച്ചു നോക്കണ്ട.. സ്ഥിരം പ്രതിയാ .ചിലപ്പോ ഇവിടുന്നു പോലും നിന്‍റെ പേഴ്സ് മോഷ്ടിച്ചു എന്ന് വരും "
അയാള്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ട് ഒന്ന് ഉറക്കെ ചിരിച്ചു.
ഇനി പേഴ്സ്-ഇലെ സാധനങ്ങളുടെ കണക്കെടുക്കണം .
ആദ്യം പേഴ്സ് എന്നെ കാണിച്ചു.
" ഇതാണോ അവന്റെ പേഴ്സ്?"
"സര്‍ ഞാന്‍ അവന്‍റെ പേഴ്സ് കണ്ടിട്ടില്ല "
"ഓ അത് ശരിയാണല്ലോ ." എങ്ങനെ പറഞ്ഞു അയാള്‍ പേഴ്സ് തുറന്നു .
അതില്‍ അവന്‍റെ ഫോട്ടോ ഉണ്ടായിരുന്നു ." ഇതു ആണോടാ നീ പറഞ്ഞ തന്മയ് മിശ്ര ? "
ഞാന്‍ നോക്കി . അതെ അവന്‍ തന്നെ . " അതെ സര്‍ . ഇതാണ് "
" ശരി , അപ്പൊ നമുക്ക് എഴുതാം "
പേഴ്സ് തുറന്നു .
ഒരു എസ് ബി ഐ എ .ടി . എം കാര്‍ഡ് , ഒരു ഐ. സി .ഐ .സി. ഐ ക്രെഡിറ്റ്‌ കാര്‍ഡ്‌ , ഒരു അക്ഷിസ് ബാങ്ക് കാര്‍ഡ്‌ , ഒരു പഞ്ചാബ് നാഷനല്‍ ബാങ്ക് കാര്‍ഡ്‌ .
"ഇവനെന്താ കാര്‍ഡ്‌ കച്ചവടമാരുന്നോ ? " അയാള്‍ ഉറക്കെ ചിരിച്ചു. ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു .
ഞങ്ങള്‍ ബാക്കി കൂടെ നോക്കി . ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്. പിന്നെ അവന്റെ 24 ഫോട്ടോ , ഭാവി വധുവിന്റെ 2 ഫോട്ടോ ( 2 മാസം കഴിഞ്ഞാല്‍ തന്മയുടെ കല്യാണമാണ് )
പിന്നെ ചെന്നൈയിലെ കുറെ കടകളുടെ കോണ്‍ടാക്റ്റ്‌ കാര്‍ഡ്സ് .
"ഇതൊക്കെ വെച്ച് പേഴ്സ് വീര്‍പിച്ചു പുറകില്‍ വെച്ച് നടന്നാല്‍ കള്ളന്മാര്‍ കൊണ്ടുപോയില്ലെങ്കിലെ അത്ഭുതമുള്ളൂ "
അദ്ദേഹം പറഞ്ഞു . അത് ശരിയാണെന്ന് എനിക്കും തോന്നി .

"ഇതാ ഒപ്പിടു" അയാള്‍ ആ കടലാസ് നീട്ടി . ഞാന്‍ അത് വായിച്ചു നോക്കിയിട്ട് ഒപ്പിട്ടു .
" ഇനി എസ് . ഐ യെ കണ്ടിട്ട് പൊക്കോളൂ " ഇങ്ങനെ പറഞ്ഞു അദ്ദേഹം ഒരു വീണ്ടും ഒന്ന് ചിരിച്ചു.
ഞാന്‍ തിരിച്ചു എസ്. ഐ യുടെ മുറിയില്‍ ചെന്നു .
"എല്ലാം കിട്ടിയോ സുമോദെ? "
എനിക്ക് അത്ഭുതമായി. ഇത്ര സ്നേഹമോ .
"കിട്ടി സര്‍ "
" അത് ഇന്നു തന്നെ അയക്കണം . ഞാന്‍ തന്മയെ വിളിച്ചു ചോദിക്കുമേ "
"അയക്കാം സര്‍ . താങ്ക്സ് "
ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു . ഇത്രയും നന്നായി പോലീസുകാര്‍ പെരുമാറും ഇന്നു എനിക്കിപ്പോഴാണ് മനസിലായത് .
ഞാന്‍ സന്തോഷത്തോടെ തിരിച്ചു വീടിലേക്ക്‌ പോന്നു . പേഴ്സ് കിട്ടിയതിന്റെ സന്തോഷവും , പിന്നെ 500 രൂപ ലാഭിച്ചതിന്റെ സന്തോഷവും ...
എല്ലാ പോലീസ് സ്റ്റേഷന്‍ ഉം ഇങ്ങനെ ആയിരുന്നെങ്കില്‍ പൊതുജനത്തിന് ധൈര്യമായി വരാന്‍ കഴിയുമായിരുന്നു .

പൊതുജനങ്ങളെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന നല്ലവരായ എല്ലാ പോലീസുകാര്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിക്കുന്നു . :) :)

No comments:

Post a Comment