Thursday, May 24, 2012

മോഡിയുടെ നാട്ടില്‍ - ഭാഗം 2

<a href="http://ekanthasanchaari.blogspot.in/2012/05/1.html">മോഡിയുടെ നാട്ടില്‍ - ഭാഗം1</a>
 

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവരെ കത്ത് താഴെ ഒരു ബസ്‌ കിടപ്പുണ്ടായിരുന്നു . അതില്‍ കയറി പുറത്തു കടക്കാനുള്ള വാതിലിന്‍റെ മുന്‍പിലെത്തി . കൊച്ചിയും മുംബൈയും പോലൊന്നുമല്ല വഡോദര വിമാനത്താവളം. ഒറ്റ നോട്ടത്തില്‍ ഒരു വലിയ വീട് പോലെ ഉണ്ട്. ഒരു വലിയ ഹാള്‍. വിമാനത്തില്‍ വന്ന ആളുകള്‍ പുറത്തു ഇറങ്ങിയതോടെ സ്ഥലം കാലിയായി . വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ അമിതാബ് ബച്ചന്‍റെ പരസ്യമാണ് ഓര്‍മ വന്നത് . " ബ്രീത്ത്‌ ഇന്‍ എ ബിറ്റ് ഓഫ് ഗുജറാത്ത്‌ " .



വഡോദരയില്‍ നിന്ന് ആനന്ദിലോട്ടു മുപ്പത്തെട്ടു കിലോമീറ്റര്‍ ഉണ്ട് . തല്‍കാലം ബസില്‍ പോകാം എന്ന് തീരുമാനിച്ചു . കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ അതാണ് നല്ലത് . അവിടെ നിന്ന ഒരു പോലീസുകാരനോട്‌ ഞാന്‍ ആനന്ദില്‍ പോകാനുള്ള ബസ്‌ കിട്ടുന്ന സ്ഥലം എവിടെയാണ് എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു .
"ക്യാ ? മുജെ ഇംഗ്ലീഷ് നഹി മാലൂം " അങ്ങേരു തിരിച്ചു പറഞ്ഞു .
അപ്പോഴാണ് ഒരു കാര്യം മനസിലായത് . ഇതു വരെ വന്നത് പോലെ അല്ല. ഇവിടെ നിന്ന് പുറത്തു കടക്കണേല്‍ ഹിന്ദി തന്നെ വേണം .
ഹിന്ദിയുടെ ബാലപാഠങ്ങള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു . "മേം(में ) കര്‍ത്താവയിരിക്കുമ്പോള്‍ ഹൂം(हूं) എന്ന് ചേര്‍ക്കണം. തും (तुम) കര്‍ത്താവായി ഇരിക്കുമ്പോള്‍ ഹൊ (हो ) എന്ന് ചേര്‍ക്കണം ." പക്ഷെ ഇപ്പോള്‍ ഞാനും അച്ഛനും ഉണ്ട്. അപ്പോള്‍ 'ഹം' (हम) ആണ് കര്‍ത്താവ്. എന്താ ചെര്‍ക്കണ്ടത് എന്ന് മുകേഷ് പണ്ട് പറഞ്ഞിട്ടില്ല . 'ഇനിയെന്താ ചെയ്യുക ? '


"ക്യാ ചാഹിയെ ? " ആ പോലീസുകാരന്‍ വീണ്ടും ചോദിച്ചു. ഇനി മേം , ഹം ഒന്നും നോക്കിയിട്ട് കാര്യമില്ല. ഹിന്ദിയുടെ ആദ്യമായി പഠിപ്പിച്ച അനീന മിസ്സിനെ മനസ്സില്‍ ധ്യാനിച്ച് വായില്‍ കിട്ടിയ ഹിന്ദി മൊത്തം ഞാന്‍ പറഞ്ഞു . പറഞ്ഞു മുഴുമിച്ചില്ല .പോലീസു ഫ്ലാറ്റ് . പോകാനുള്ള വഴി മൊത്തം അങ്ങേരു പറഞ്ഞു തന്നു. പ്രത്യേകിച്ച് ഒന്നുമില്ല . കുറച്ചകലെ ഒരു ബസ്‌ സ്റ്റാന്റ് ഉണ്ട്. അവിടെ ചെന്നാല്‍ G .S .R .T . C ബസ്‌ കിട്ടും. നമ്മുടെ നാട്ടിലെ അതേ വാക്കുകള്‍ തന്നെ . കേരളത്തിന്‍റെ k മാറ്റി ഗുജറാത്തിന്‍റെ G ആണ് ഇവിടെ എന്ന് മാത്രം .ബസ്‌ സ്റ്റാന്റ് വരെ ഓട്ടോക്ക് പോകാന്‍ അമ്പതു രൂപ ആകും എന്നും പറഞ്ഞു .
പുറത്തിറങ്ങി ഓട്ടോ വിളിക്കണം. ഇറങ്ങി വരുന്നവരെ കൊണ്ടുപോകാനായി ഓട്ടോകാര് കാത്തു നില്‍പ്പുണ്ടാരുന്നു . ആദ്യം കണ്ട ഓട്ടോക്കാരനോട് ബസ്‌ സ്റ്റാന്‍ഡില്‍ പോകാന്‍ എത്ര രൂപ ആകും എന്ന് ചോദിച്ചു. നൂറു രൂപ എന്ന് അയാള്‍ പറഞ്ഞു . അമ്പതു രൂപയെ ആകു എന്നാണ് പോലീസു പറഞ്ഞത് . ഞങ്ങള്‍ ഓട്ടോ വേണ്ട എന്ന് പറഞ്ഞു . അയാള്‍ എഴുപത്തി അഞ്ചിനു വരാം എന്ന് പറഞ്ഞു. അതും വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞു . അപ്പോഴേക്കും അവിടെ കിടന്ന വേറെ ഒരു ഓട്ടോക്കാരന്‍ മീറ്റര്‍ ചാര്‍ജ് മതി എന്ന് പറഞ്ഞു ഓടി വന്നു. അങ്ങനെ അതില്‍ ഞങ്ങള്‍ കയറി. അവിടെ മീറ്ററില്‍ പൈസ അല്ല , ദൂരമാണ് കാണിക്കുന്നത്. ബസ്‌ സ്റ്റാന്റ് എത്തി . 2 .3 കിലോമീറ്റര്‍. ഡ്രൈവറുടെ കയ്യില്‍ ഒരു കാര്‍ഡ് ഉണ്ടാകും. അതില്‍ ഓരോ നൂറു മീറ്റര്‍ ദൂരം കഴിയുമ്പോള്‍ എത്ര ആണ് ചാര്‍ജ് എന്ന് എഴുതിയിട്ടുണ്ടാകും. സര്‍ക്കാര്‍ കൊടുക്കുന്ന കാര്‍ഡ്‌ ആണ്. അതിലും കൂടുതല്‍ മേടിക്കരുത് എന്നാണ് ചട്ടം. (എത്ര പേര് പാലിക്കുന്നുണ്ട് എന്ന് ദൈവത്തിനു മാത്രമേ അറിയൂ ) അയാള് ബാഗില്‍ നിന്ന് കാര്‍ഡ്‌ എടുത്തു നോക്കിയിട്ട് അമ്പതു രൂപ എന്ന് പറഞ്ഞു. ഞാന്‍ പൈസ എടുക്കാന്‍ പേഴ്സ് എടുത്തപ്പോള്‍ അച്ഛന്‍ കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു . അച്ഛന് ഹിന്ദി അറിഞ്ഞു കൂടാ . പക്ഷെ ഓട്ടോക്കാരന് മലയാളം അറിയാം എന്ന് തോന്നുന്നു . "കാര്‍ഡ്‌ കാണിക്കു " എന്ന് മലയാളത്തില്‍ പറഞ്ഞപ്പോള്‍ അയാള്‍ അത് അച്ഛന് കൊടുത്തു. അച്ഛന്‍ അത് നോക്കി. നാല്പത്തി മൂന്ന് രൂപ ആണ് 2 .3 കിലോമീറ്റര്‍ ദൂരത്തിനു എഴുതിയിരികുന്നത്. അച്ഛന്‍ എന്നോട് പറഞ്ഞു. വീണ്ടും എന്‍റെ ഹിന്ദി. പറഞ്ഞു തീരും മുന്‍പേ അങ്ങേരു ഏഴു രൂപ തിരിച്ചു തന്നു .


സമയം അഞ്ചര ആയി. ബസില്‍ കയറും മുന്‍പ് ഒരു ചായ കുടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സ്ടാണ്ടിനു മുന്‍പില്‍ ഒരാള്‍ ചായക്കട കണ്ടു . കട എന്ന് പറയാന്‍ പറ്റില്ല. ഒരു വലിയ മരം. അതിന്റെ ചുവട്ടില്‍ ഒരു അടുപ്പും കൂട്ടി അയാള്‍ ചായ ഉണ്ടാക്കി വില്കുന്നു . ഞങ്ങള്‍ രണ്ടു ചായ പറഞ്ഞു . അങ്ങേരു വേഗം ചായ ഉണ്ടാക്കി തന്നു. ഇഞ്ചിയും എലയ്ക്കയുമൊക്കെ ഇട്ട ഒരു നല്ല ചായ . ഓരോ ചായ കൂടി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു . അയാള്‍ക്ക് സന്തോഷമായി.ഭാഷ കേട്ടിട്ട് ഞങ്ങള്‍ മദ്രാസില്‍ നിന്നാണോ എന്ന് അയാള്‍ ചോദിച്ചു. അല്ല കേരളത്തില്‍ നിന്നാണ് എന്ന് മറുപടി. അപ്പോള്‍ അയാള്‍ കേരളത്തില്‍ വന്നിട്ടില്ല എന്ന് പറഞ്ഞു മദ്രാസില്‍ ആറ് വര്‍ഷം ചായക്കട നടത്തിയ കഥയും അയാള്‍ പറഞ്ഞു . എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ ആനന്ദില്‍ ഇന്റര്‍വ്യൂ ഉണ്ട് എന്ന് ഞാന്‍ അറിയിച്ചു. അത് എനിക്ക് കിട്ടും എന്നും അപ്പോള്‍ അവിടെ വന്നു വീണ്ടും ചായ കുടിക്കണം എന്നും അയാള്‍ പറഞ്ഞു . വെറുതെ പറഞ്ഞതായിരിക്കാം. എങ്കില്‍ പോലും ഇങ്ങനെ നന്നായി പെരുമാറാന്‍ അറിയുന്ന ആളുകള്‍ ഉണ്ട് എന്നത് എന്നെ ശരിക്കും അത്ഭുദ്ധപ്പെടുത്തി. എല്ലാം കഴിഞ്ഞു ഞാന്‍ "താങ്ക്സ് " എന്ന് പറഞ്ഞപ്പോള്‍ "വെല്‍ക്കം" എന്ന് അയാള്‍ ഇംഗ്ലീഷില്‍ പറഞ്ഞു . ആ മുഖത്ത് അപ്പോഴുണ്ടായിരുന്ന സന്തോഷം നേരിട്ട് കാണേണ്ടതാണ് .


അവിടുന്ന് സ്റ്റാന്‍ഡില്‍ ചെന്നു ഞങ്ങള്‍ ആനന്ദ്‌ വഴി അഹമ്മദാബാദ് പോകുന്ന ഒരു ബസ്സില്‍ കയറി. ( അഹമ്മദാബാദ് ആണ് എന്നാണ് വിശ്വാസം.. എന്തായാലും ആനന്ദില്‍ പോകും എന്ന് പറഞ്ഞു. ഞങ്ങള്‍ കയറി.) നമ്മുടെ നാട്ടിലെ പോലത്തെ ആന വണ്ടി അല്ല. ഇപ്പോള്‍ ഇറങ്ങിയ 'ലോ ഫ്ലോര്‍ നോണ്‍ എ സീ ' മാതൃകയിലുള്ള വണ്ടി ആണ് . ഇരിമ്പു കസേരയ്ക്കു പകരം പ്ലാസ്റ്റിക്‌ കൊണ്ടുള്ള കസേര. വൃത്തി അല്പം കുറവാണു എന്ന് പറയാം. ബസ്‌ മൊത്തം പാന്‍ പരാഗിന്റെ മണമാണ് . ബസില്‍ കണ്ട പുരുഷന്മാരില്‍ എഴുപതു ശതമാനം പേരുടെയും വായില്‍ പാന്‍ ഉണ്ട്. അടുത്തിരുന്ന ഒരു ചേട്ടനോട് ആനന്ദില്‍ "ഇര്‍മ (IRMA ) " എവിടെയാണെന്ന് അറിയുമോ എന്ന് ചോദിച്ചു. അങ്ങേരു അങ്ങനെ ഒരു കോളേജ് കേട്ടിട്ടേ ഇല്ല . പക്ഷെ അമുലിന്റെ (AMUL ) കോളേജ് എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് മനസിലായി. പുള്ളി ഇറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ മതി എന്ന് പറഞ്ഞു . ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു . ഒരാള്‍ക്ക് നാല്‍പ്പതു രൂപ.

വണ്ടി പുറപ്പെട്ടു. അല്പം നീങ്ങിയപ്പോള്‍ ഒരു ടോള്‍ ബൂത്തിലെത്തി. ഡ്രൈവര്‍ പൈസ കൊടുത്തു ബസ്‌ എടുത്തു. ഇവിടെ ആര്‍കും ടോള്‍ അടയ്ക്കുന്നതില്‍ പ്രശ്നമില്ല എന്ന് തോന്നുന്നു . എന്തായാലും കൊടുത്ത പൈസ മുതലാകും എന്നുറപ്പ്. നല്ല നാല് വരി പാത .


റോഡിന്‍റെ ഇരുവശവും ചെറിയ വീടുകള്‍ ഉണ്ട്. വീട് എന്ന് പറയുന്നതിനേക്കാള്‍ കുടിലുകള്‍ എന്ന് പറയുന്നതാകും സത്യം . കുറച്ചു മുന്‍പോട്ടു നീങ്ങിയപ്പോള്‍ കുറെ വ്യവസായ സ്ഥാപനങ്ങള്‍ കണ്ടു. അതിന്റെ മുന്‍പില്‍ മുഴുവന്‍ കണ്‍ട്ടൈനര്‍ ലോറികള്‍ നിരത്തി ഇട്ടിരിക്കുന്നു. അവിടുന്നും വണ്ടി മുന്‍പോട്ടു നീങ്ങി. ചെറിയ ചെറിയ ഗ്രാമങ്ങള്‍, ചെറിയ കൃഷി സ്ഥലങ്ങള്‍, വീണ്ടും വ്യവസായ ശാലകള്‍ .. ഒരു ചക്രം പോലെ ഒരേ കാഴ്ചകള്‍ വീണ്ടും വന്നുകൊണ്ടിരുന്നു. അവിടെ പ്രധാനമായും വാഴ ആണ് കൃഷി ചെയ്യുന്നത്. പിന്നെ ഒരു ചെറിയ ചെടി. എല്ലായിടവും കൃഷി ഉണ്ട്. കടുക് ആണോ എന്ന് സംശയമുണ്ട്‌ . (പക്ഷെ ഉറപ്പില്ല. )

ഈ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം രാഷ്ട്രിയ പരസ്യങ്ങളുടെ അഭാവമായിരുന്നു . വീടുകള്‍ക്ക് മതിലുകള്‍ ഇല്ലാത്തതിനാലാകാം പാര്‍ട്ടികളുടെ ചുവരെഴുത്തുകള്‍ ഇല്ല. ആകെ കണ്ടത് കൈപത്തിയുടെ ചിഹ്നതിലുള്ള ഒരു കൊടി മാത്രമാണ് . ഞാന്‍ മനസ്സില്‍ കണക്കു കൂട്ടിയ ഗ്രാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം . ബസ്‌ പിന്നെയും മുന്‍പോട്ടു നീങ്ങി...



 ****************************************************





സമയം ആറ് മണിയായി . വണ്ടി അമുല്‍ റോഡിനു മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി. ഞങ്ങള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി. രജനികാന്ത് സിനിമയില്‍ അദ്ദേഹം ആദ്യമായി കാറില്‍ നിന്ന് ഇറങ്ങും പോലെ. കാലു നിലത്തു വെച്ചതും ശക്തമായി പൊടി മണ്ണ് പറന്നു പൊങ്ങി. എന്‍റെ കുറ്റമല്ല. അത്രയ്ക്ക് തരി മണ്ണാണ് അത്. ഞാന്‍ ഇട്ടിരുന്നത് വെളുത്ത പാന്റ് (pant ) ആയിരുന്നു എങ്കില്‍ മുട്ട് വരെ ഉയരത്തില്‍ പാന്റിന്റെ നിറം മാറിയേനെ. ഇപ്പോള്‍ അത്രയും കുഴപ്പം വന്നില്ല. എന്തായാലും ഷൂസ് ഒന്നുകൂടെ പോളിഷ് ചെയ്തെ ഇന്റര്‍വ്യൂവിനു കൊണ്ടുപോകാന്‍ പറ്റു. യാത്രക്കാരെ ഇറക്കിയിട്ട്‌ ബസ്‌ മുന്പിലോട്ടു നീങ്ങി . ആനന്ദില്‍ ഫെബ്രുവരി മാസത്തില്‍ തണുപ്പാണ് എന്ന് ആരൊക്കെയോ പറഞ്ഞ കാരണം ഞങ്ങള്‍ രണ്ടു കമ്പിളി ഉടുപ്പ് വാങ്ങിയിരുന്നു . പക്ഷെ തണുപ്പ് ഇല്ലെന്നു മാത്രമല്ല അത്യാവശ്യം ചൂടാണ് താനും .വെറുതെ അത് ചുമന്നു കൊണ്ടുവന്നു .



നല്ല മനോഹരമായ സ്ഥലം എന്ന് പറയാന്‍ പറ്റില്ല.എങ്കിലും വല്ലിയ കുഴപ്പമില്ല. പറയത്തക്ക വൃത്തി ഒന്നും ഇല്ല . "ഗോവധ നിരോധന നിയമം " നടപ്പിലാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്‌ എന്ന് ആനന്ദ് കണ്ടാല്‍ തന്നെ മനസിലാകും . റോഡില്‍ വാഹനങ്ങളുടെ അത്ര തന്നെ തന്നെ പശുക്കളുമുണ്ട് . നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ ഇതിനകം ആരുടെയെങ്കിലും വയറ്റില്‍ എത്തിയേനെ . ഓരോ അടി നടക്കുമ്പോഴും സൂക്ഷിച്ചു കാലു വെക്കണം. അല്ലെങ്കില്‍ ചാണകത്തില്‍ ചവിട്ടുമെന്ന് ഉറപ്പാണ്‌ . ഇന്റര്‍വ്യൂ പിറ്റേന്ന് ആണെങ്കിലും അന്ന് തന്നെ കോളേജ് ഒന്ന് കണ്ടിട്ട് താമസിക്കുന്ന ഹോട്ടലില്‍ പോകാം എന്ന് തീരുമാനിച്ചു.അല്ലെങ്കില്‍ അല്പം സംശയം ഉണ്ടായാല്‍ സമയത്തിന് എത്താന്‍ പറ്റിയില്ലെങ്കിലോ.

അവിടെ നിന്ന ഒരു ഓട്ടോകാരനോട് ഇര്‍മ-ഇല്‍ പോകാനുള്ള വഴി ചോദിച്ചു.പുള്ളി വഴി കൃത്യമായി പറഞ്ഞു തന്നു. മുന്നിലുള്ള വഴിയിലൂടെ നടന്നാല്‍ വലതു വശത്തെ മൂന്നാമത്തെ വഴി. അവിടുന്ന് നേരെ പോയാല്‍ ഇടതു വശത്ത് കോളേജ് കാണാം. വേണമെങ്കില്‍ ഓട്ടോയ്ക്ക് പോകാം എന്നും പക്ഷെ അത്രയ്ക്ക് ദൂരമില്ല എന്നും പുള്ളി തന്നെ പറഞ്ഞു. മുന്‍പില്‍ കണ്ട ഇടവഴിയിലൂടെ ഞങ്ങള്‍ നടത്തം തുടങ്ങി . ആദ്യം പറഞ്ഞപോലെ തന്നെ ആളുകളേക്കാള്‍ പശുക്കള്‍ ആണ് വഴിയില്‍ കൂടുതല്‍. അല്പം നടന്നപ്പോള്‍ അങ്ങേരു പറഞ്ഞ മൂന്നാമത്തെ വഴിയെത്തി .അവിടെ നിന്ന് വലത്തോട്ട് നടന്നു. ബസ്സില്‍ വച്ച് വഴിയില്‍ കണ്ട വീടുകള്‍ പോലെ അല്ല ഇവിടെ . അല്പം കൂടെ വലിയ വീടുകള്‍ ആണ്. എങ്കിലും നമ്മുടെ നാട്ടിലെ പോലെ ഉള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് വീട് വെക്കുന്ന ശീലം ഇവിടെ ആര്‍ക്കുമില്ല എന്ന് തോന്നുന്നു . എല്ലാ വീട്ടിലും എ സീ ഉണ്ട്. ചില വീടുകള്‍ക്ക് മുന്‍പില്‍ ചെറിയ ക്ഷേത്രം പോലെ പണിതു വെച്ചിട്ടുണ്ട്. മൂന്ന് മൂന്നര അടി ഉയരം വരും. ശ്രീകോവിലിന്റെ ഒരു ചെറിയ രൂപം. കോണിന്റെ ആകൃതിയിലാണ് അവയുടെ മുകള്‍ഭാഗം . അതിനു മുകളില്‍ പത്തിരുപതു തേങ്ങ കൂട്ടിക്കെട്ടി തൂക്കി ഇട്ടിട്ടുണ്ട്. എന്താണ് വിശ്വാസം എന്ന് അറിയില്ല. ആളുകളെ പുറത്തു കാണാത്തതിനാല്‍ ആരോടും ചോദിക്കാനും പറ്റിയില്ല.

അല്പം നടന്നിട്ടും ഇര്‍മ എന്ന ബോര്‍ഡ്‌ പോലും കാണുന്നില്ല. ഒടുവില്‍ അവിടെ ഒരു ഗേറ്റിനു മുന്‍പില്‍ ഇരുന്ന സെക്യൂരിറ്റി ചേട്ടനോട് ഇര്‍മ എവിടെയാ എന്ന് ചോദിച്ചു . പുള്ളി പറഞ്ഞു ഇതാണ് ഇര്‍മ എന്ന്. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. നമ്മുടെ നാടിലെ പോലെ വലിയ ബോര്‍ഡോ , പടുകൂറ്റന്‍ മതിലോ ഒന്നുമില്ല. ഒരു ചെറിയ മതില്‍. മുന്‍പില്‍ ചെറിയ ഒരു ഗേറ്റ്. ഇര്‍മ എന്ന് എഴുതി വെച്ചിട്ട് പോലുമില്ല. അല്പം അകലെ ഒരു കൊച്ചു ബോര്‍ഡ്‌ ഉണ്ട് എന്ന് സെക്യൂരിറ്റി പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ അകത്തു കയറാം. അവര്‍ താമസം ഒരുക്കിയിടുണ്ട്. പക്ഷെ അച്ഛന് അവിടെ കയറാന്‍ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പുറത്തു മുറിയെടുത്തത്. എന്നെ കണ്ടപ്പോള്‍ അവിടെ എഴുതിയിട്ട് അകത്തു കയറാന്‍ സെക്യൂരിറ്റി പറഞ്ഞു .പക്ഷെ എനിക്ക് ഇന്റര്‍വ്യൂ പിറ്റെന്നായതിനാല്‍ ഞങ്ങള്‍ "നാളെ വരാം" എന്ന് പറഞ്ഞിട്ട് അവിടെ കിടന്നിരുന്ന ഒരു ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് തിരിച്ചു. രാവിലെ എട്ടു മണിക്ക് എത്തണം എന്ന് ഓര്‍മിപ്പിക്കാന്‍ സെക്യൂരിറ്റി മറന്നില്ല.

അവിടെ നിന്നും ഓട്ടോയില്‍ ഹോട്ടലിലെയ്ക്ക് പോയി. ഹോട്ടല്‍ റിലാക്സ് എന്നാണ് പേര്. പഴയ ബസ്‌ സ്ടണ്ടിനു അടുത്താണ് . ഗൂഗിള്‍ മാപില്‍ ഒന്ന് നോക്കിയിരുന്നതിനാല്‍ വലിയ സംശയം വന്നില്ല. ഓട്ടോക്കാരനും ഹോട്ടല്‍ അറിയാമായിരുന്നു. ഹോട്ടലില്‍ എത്തി. അമ്പതു രൂപ ആയി. പൈസ കൊടുത്തു ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് നടന്നു . ഹോട്ടല്‍ എന്നാണ് എഴുതി വെച്ചിരിക്കുന്നത് എങ്കിലും ഏഴു നിലയില്‍ ആകെ മുകളിലെ നാല് നില മാത്രമാണ് ഹോട്ടല്‍ . ബാക്കി എല്ലാം കടകളാണ് . തുണിക്കട, തയ്യല്‍ കട, പച്ചക്കറി കട അങ്ങനെ. ആനന്ദില്‍ ഞങ്ങള്‍ കണ്ട എല്ലാ ഹോട്ടലുകളും അങ്ങനെ ആയിരുന്നു . ഞങ്ങള്‍ ഹോട്ടലില്‍ എത്തി. റൂം തരുന്നതിനു മുന്‍പ് നമ്മളുടെ മേല്‍വിലാസം തെളിയിക്കുന്ന ഒരു രേഖ കാണിക്കണം. ( address proof ) . എങ്കില്‍ മാത്രമേ അവര്‍ മുറി തരു. ഞങ്ങള്‍ വോട്ടര്‍ കാര്‍ഡ്‌ കാണിച്ചു . ആ കാര്‍ഡ്‌ കൊണ്ട് അങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായി. വിമാനത്തില്‍ കയറാനും ഇതു തന്നെ ആണ് കാണിച്ചത് . അവിടെ ഉള്ള ഒരു സാധാരണ മുറി ഞങ്ങള്‍ എടുത്തു . എ സീ മുറി എടുപ്പിക്കാന്‍ ആകുന്നത്ര അവര് ശ്രമിച്ചു .പക്ഷെ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഏകദേശം ഏഴര ആയപ്പോള്‍ ഞങ്ങള്‍ മുറിയില്‍ എത്തി.

വലിയ കുഴപ്പമില്ലാത്ത ഒരു മുറി. അറുനൂറു രൂപ ആണ് ടാക്സ് അടക്കം ഒരു ദിവസത്തെ വാടക. ഒരു വലിയ കണ്ണാടി , ഒരു ടി വി , ഒരു അലമാര ,ഒരു ബാത്ത് റൂം , പിന്നെ രണ്ടു കട്ടിലും , ഒരു മേശയും , രണ്ടു കസേരയും . റൂമില്‍ എത്തിയ ഉടനെ തന്നെ കുളിച്ചു ആഹാരം കഴിക്കാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. ബസ്‌ സ്റ്റാന്റ് അടുത്താണല്ലോ . അവിടെ ഹോട്ടല്‍ കാണും എന്ന പ്രതീക്ഷയിലാണ് നടപ്പ് . ചെന്നപ്പോള്‍ അവിടെ എങ്ങും നല്ല ഹോട്ടല്‍ ഇല്ല. എല്ലാം തട്ട് കട പോലെ ഉള്ളവയാണ് . പിറ്റേന്ന് ഇന്റര്‍വ്യൂ ഉള്ളത് കാരണം റിസ്ക്‌ എടുക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു . അവിടെ ഉള്ള ഒരു കടക്കാരനോട് സസ്യ ഭോജനശാല അടുത്തെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു . എന്‍റെ ഹിന്ദി കേട്ടിട്ടാകണം ഏതു നാട്ടില്‍ നിന്ന വരുന്നത് എന്ന് ചോദിച്ചു. കേരളം എന്ന് പറഞ്ഞപ്പോള്‍ അയാള് ഒരു കടലാസ്സു എടുത്തു ഒരു മാപ് വരച്ചു തന്നു . അതിന്റെ അറ്റത്തു ഹോട്ടല്‍ സഹ്യോഗ് (sahyog ) എന്ന് എഴുതി. അത് ഒരു സൌത്ത് ഇന്ത്യന്‍ ഹോട്ടല്‍ ആണെന്നും , നിങ്ങളുടെ നാട്ടിലെ ഭക്ഷണം അവിടെ കിട്ടും എന്നും പുള്ളി പറഞ്ഞു. ഇത്രയും ആത്മാര്‍ഥമായി മനുഷ്യരോട് പെരുമാറുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി . പുള്ളി വരച്ച മാപ്പ് കൃത്യമാണ് . നടന്നു അറ്റത്തെത്തിയപ്പോള്‍ അവിടെ ഹോട്ടല്‍ ഉണ്ട്. അങ്ങനെ അവിടെ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ചു നടന്നു.

സമയം ഒന്‍പതു കഴിഞ്ഞിരുന്നു . പക്ഷെ നഗരം ഉറങ്ങിയിട്ടില്ല. വരുന്ന വഴി ഒരു ചന്ത കണ്ടു. ഇവിടുത്തുകാര്‍ മണ്ടി മാര്‍ക്കറ്റ്‌ എന്നോ മറ്റോ ആണ് പറയുന്നത്. അവിടെ നിന്ന് 2 കിലോ റോബസ്റ്റ പഴവും വാങ്ങി ഞങ്ങള്‍ തിരിച്ചു നടന്നു . ബസ്‌ സ്റ്റാന്റ് ആയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് . അതിന്റെ മുന്‍പിലായി ഒരു ക്രിസ്ത്യന്‍ പള്ളി ഉണ്ട്. അപ്പോള്‍ മോഡിയുടെ നാട്ടില്‍ എല്ലാ മതത്തില്‍ പെട്ടവരും ഉണ്ട് എന്ന് ഉറപ്പായി. അവിടെ നിന്നും നടന്നു ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി. അടുത്ത ദിവസത്തെ ഇന്റര്‍വ്യൂ വിനു വേണ്ടി പഠിച്ച കുറെ കാര്യങ്ങള്‍ എടുത്തു വീണ്ടും വായിച്ചു നോക്കി. കിടക്കും മുന്‍പ് ടി വി വെച്ചു. ആകെ ഏഷ്യാനെറ്റ്‌ മാത്രമാണ് മലയാളം ചാനല്‍ ആയി കിട്ടുന്നത്. നല്ല പരിപാടി ഒന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷ് ന്യൂസ്‌ ചാനല്‍ വെച്ചു . പിറ്റേന്ന് പട്ടിയാല കോടതിയില്‍ നിന്ന് ചിദംബരം പ്രതി ആണോ അല്ലയോ എന്ന് വിധി വരും. അതിന്റെ ചര്‍ച്ച ആണ് എല്ലാ ചാനലിലും . പക്ഷെ സ്റ്റാര്‍ ന്യൂസ്‌ മാത്രം ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നു . കോണ്‍ഗ്രസ്‌ അവിടെ വലിയ സംഭവം ആകുമെന്നാണ് അവര്‍ കണ്ടു പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സും അജിത്‌ സിംഗിന്റെ പാര്‍ട്ടിയും കൂടി 99 സീറ്റ്‌ നേടുമത്രേ . അതില്‍ ഉത്തരം കിട്ടാന്‍ മാര്‍ച്ച്‌ ആറ് വരെ കാക്കണം. ചിദംബരത്തിന്റെ കാര്യം പിറ്റേന്ന് അറിയാം. കള്ളത്തരം ചെയ്ത ഒരാളെയും വെറുതെ വിടരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു .


 തുടരും ...

No comments:

Post a Comment