Sunday, February 7, 2021

പുതിയ കാർഷിക നിയമങ്ങൾ കൊണ്ട് കർഷകർക്ക് നേട്ടമുണ്ടാക്കാനാകുമോ ?

കുറച്ചു നാളുകൾക്കു ശേഷം ഞാൻ ഒരു പോസ്റ്റ് എഴുതുന്നു . എല്ലാവരും വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണം. 

ആദ്യം നമുക്ക് നിയമങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

മൊത്തം മൂന്ന് നിയമങ്ങൾ ആണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ളത് .
ആദ്യത്തേത് The Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020
ഇതിലൂടെ കർഷകർക്ക് ആർക്കു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും തങ്ങളുടെ സാധനങ്ങൾ വിൽക്കാം എന്ന് സർക്കാർ പറയുന്നു . ചന്തയ്ക്കു (മണ്ഡി ) പുറത്തു വിൽക്കുമ്പോൾ അതിനു വേറെ പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതികൾ പാടില്ല എന്നും പറയുന്നു . ആധുനിക സംവിധാനങ്ങളായ വെബ്സൈറ്റുകളും ആപ്പുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം . ഒപ്പം അവയ്ക്കു സർക്കാർ വക കടിഞ്ഞാണുകൾ ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും ആ നിയമവ്യവസ്ഥയിൽ കൊടുത്തിരിക്കുന്നു .
രണ്ടാമത്തേത് Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020
കോൺട്രാക്ട് എഗ്രിമെന്റ് കൃത്യമായ ഒരു നിയമ പരിരക്ഷ സർക്കാർ ഉറപ്പാക്കുന്നു . ആരെങ്കിലും ആ എഗ്രിമെന്റിൽ നിന്ന് പിന്മാറിയാൽ അവർക്കു ശിക്ഷ ഉറപ്പാക്കാനും ഒപ്പം പ്രശ്നപരിഹാരത്തിനുള്ള കൃത്യമായ നടപടികളും സർക്കാർ ഉറപ്പു നൽകുന്നു
മൂന്നാമത്തേത് Essential Commodities (Amendment) Act, 2020
നിയമങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതാണ് എന്നാണ് എന്റെ അഭിപ്രായം . നിലവിൽ essential commodity (ആവശ്യവസ്തു ) എന്ന ലിസ്റ്റിൽ നിന്നും പല സാധനങ്ങളെയും ഒഴിവാക്കുകയാണ് ചെയ്യുന്നത് . ഉരുളക്കിഴങ്ങു സവോള ഉൾപ്പെടെ പലതിനെയും ഒഴിവാക്കി . ആവശ്യവസ്തുക്കളിൽ സർക്കാരിന് ഒരുപാടു നിയന്ത്രണങ്ങൾ ഉണ്ട് . അവ ഉല്പാദിപ്പിക്കേണ്ടത് സർക്കാരിന്റെ ആവശ്യം ആയതുകൊണ്ട് തന്നെ മിനിമം സപ്പോർട്ട് പ്രൈസ് അടക്കം പല ആനുകൂല്യങ്ങളും ആവശ്യവസ്തുക്കൾ കൃഷി ചെയ്യുന്നവർക്ക് സർക്കാർ നൽകിയിരുന്നു . ഒപ്പം പൂഴ്ത്തിവയ്പു കരിഞ്ചന്ത വില്പന എന്നിവയും തടഞ്ഞിരുന്നു . അങ്ങനെ ഉള്ള ആവശ്യവസ്തുക്കളിൽ നിന്ന് ഒരുപാടു സാധനങ്ങളെ ഒഴിവാക്കി.അതിനോടൊപ്പം അവ എത്ര അളവിലും എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാനുള്ള അധികാരവും നിയമം നൽകുന്നു .
ഇനി ഈ മൂന്ന് നിയമങ്ങളും ചേർത്ത് നമുക്ക് ഒന്ന് പരിശോധിക്കാം . ആദ്യത്തേത് ഒറ്റ നോട്ടത്തിൽ വലിയ കുഴപ്പം ഇല്ല . പലപ്പോഴും ചന്തയിൽ മാത്രമേ കര്ഷകന് വിൽക്കാൻ സാധിക്കാറുള്ളു. അപ്പോൾ ആവശ്യത്തിനുള്ള വില ലഭിക്കാറുമില്ല . ഇനിയിപ്പോൾ ആര് കൂടുതൽ വില നൽകുന്നു അവർക്കു കൊടുക്കാൻ സാധിക്കും. സ്വാഭാവികമായും ഇടനിലക്കാർക്കു കിട്ടുന്ന ലാഭം കുറയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
പക്ഷെ രണ്ടാമത്തെ നിയമം അങ്ങനെ അല്ല . കോൺട്രാക്ട് ഫാർമിംഗ് വരുമ്പോൾ കർഷകൻ എന്ത് ഉല്പാദിപ്പിക്കണം എന്നും ഏതു വിത്ത് ഉപയോഗിക്കണം എന്നും തീരുമാനിക്കുക ഈ എഗ്രിമെന്റ് വയ്ക്കുന്ന കമ്പനികൾ .ആയിരിക്കും അങ്ങനെ വരുമ്പോൾ നമ്മുടെ നാടിനും മണ്ണിനും പരിചയമില്ലാത്ത യൂറോപ്പിലും അമേരിക്കയിലും മാത്രം ഉപയോഗിക്കുന്ന പല വസ്തുക്കളും ഇവിടെ കൃഷി തുടങ്ങിയേക്കാം . അത് മണ്ണിനെയും പ്രകൃതിയെയും എങ്ങനെ ബാധിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. പിന്നെ മൂന്നാമത്തെ നിയമം നോക്കിയാൽ പല ആഹാരസാധനങ്ങളെയും ആവശ്യവസ്തുക്കളിൽ നിന്ന് ഒഴിവാക്കി. അപ്പോൾ അവയുടെ വില നിയന്ത്രണം ഇനി സർക്കാരിന്റെ കൈയിലല്ലാതെ ആകും എന്നർത്ഥം . ഒപ്പം അവ കൃഷി ചെയ്യാനുള്ള ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുകയുമില്ല . ആദ്യമൊക്കെ അല്പം കൂടിയ വിലയിൽ എഗ്രിമെന്റ് വെച്ച് തന്നെ കോര്പറേറ്റുകൾ വാങ്ങിച്ചേക്കാം എന്നാൽ പിന്നീട് ഉണ്ടാകുന്നതു എന്താണ് എന്ന് വെച്ചാൽ കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാനും അത് വഴി വില വർധിപ്പിക്കാനും അവ വാങ്ങുന്നവർക്ക് സാധിക്കും . ഒപ്പം അവയ്ക്കു മേൽ സർക്കാരിന് നിയന്ത്രണം ഉണ്ടാവുകയുമില്ല . ഗൂഗിൾ എടുത്തു monsanto അമേരിക്കയിൽ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോ കാണുന്നത് നല്ലതാണു . അവ നമുക്ക് കോർപ്പറേറ്റ് ഫാർമിംഗിന്റെ മറുവശം കാണിച്ചു തരും .
ഇനി അതിനുള്ള പരിഹാരം എന്താണ് എന്ന് വെച്ചാൽ അതും ഈ നിയമത്തിൽ തന്നെ ഉണ്ട് എന്നതാണ് സത്യം . വർഗീസ് കുര്യൻ അമുൽ തുടങ്ങിയപ്പോൾ ഉണ്ടായ സംഭവം എന്താണെന്നു വെച്ചാൽ പാലിന് വിലസ്ഥിരത ഉണ്ടായി എന്നതാണ് . അതിനു മുൻപ് കൃത്യമായ ഒരു വില പാലിന് ഇല്ലായിരുന്നു . പച്ചക്കറിയുടെയും അരിയുടെയും പോലെ ഓരോ ദിവസവും ഓരോ വില ആയിരുന്നു.ഒരു പാക്കറ്റിൽ ആക്കി പാൽ വിൽക്കാൻ തുടങ്ങിയപ്പോൾ വിലസ്ഥിരതയും കർഷകർക്ക് കൃത്യമായ വിലയും ഉറപ്പായി . ഒപ്പം മൂല്യവർധിത ഉത്പന്നങ്ങൾ ആയ ബട്ടറും പനീറും ഒക്കെ അമുൽ ഉണ്ടാക്കാൻ ആരംഭിച്ചു. അതിന്റെയും ലാഭം അവസാനം കർഷകർക്ക് തന്നെ ആണ് ലഭിക്കുന്നത് .
അതെ രീതിയിൽ തന്നെ കർഷകർ കൂടി യോജിച്ചു ഒരു സഹകരണ സംഘം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഫാർമേർ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കുകയോ വേണം . എന്നിട്ടു അവർ തന്നെ അവരുടെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്തു വിൽക്കണം . പുതിയ നിയമത്തിലൂടെ അതിനു സാധിക്കും. കർഷകരുടെ കമ്പനിക്ക് കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങിക്കാനും അവ എത്രകാലം വേണമെങ്കിലും സൂക്ഷിവയ്ക്കാനും കൂടിയ വിലയ്ക്ക് വിൽക്കാനും ഈ നിയമത്തിലൂടെ സാധിക്കും . ഒപ്പം മൂല്യ വർധിത ഉത്പന്നങ്ങൾ ആയ ബർഗറും , ബ്രെഡും , റെഡി ടു ഈറ്റ് ചപ്പാത്തിയും, ഉരുളക്കിഴങ്ങു ചിപ്സും , തക്കാളി സോസും ഒക്കെ ഉണ്ടാക്കാൻ തുടങ്ങണം . അപ്പോൾ കൂടുതൽ ലാഭം ഉണ്ടാവുകയും ,കൂടുതൽ വില കർഷകർക്ക് ലഭിക്കാൻ തുടങ്ങുകയും . ഇങ്ങനെ ഒക്കെ ഈ നിയമം ഉപയോഗിച്ച് തന്നെ കോർപറേറ്റുകളെ നേരിടുകയാണ് വേണ്ടത് . എന്നാൽ കുറച്ചു ഇടനിലക്കാർ തങ്ങളുടെ ലാഭം പോകുമോ എന്ന പേടി കാരണം കർഷകരെയും പേടിപ്പിക്കുന്നു . ഒപ്പം കർഷകർ ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നു .
എനിക്ക് വ്യക്‌തിപരമായി തോന്നുന്നത് ഒന്നര വര്ഷം മരവിപ്പിക്കാനുള്ള തീരുമാനം കർഷകർ അംഗീകരിക്കുകയും അതിനുള്ളിൽ ഒരു നല്ല കമ്പനി അവർ തന്നെ കെട്ടിപ്പടുത്തുകയും വേണം എന്നാണ് . ഒപ്പം ജനങ്ങളുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ അത് വിജയിക്കും എന്നുറപ്പാണ് .അപ്രകാരമുള്ള ശാശ്വതമായ ഒരു പരിഹാരത്തിനാണ് നമ്മൾ ശ്രമിക്കേണ്ടത്.ഇങ്ങനെ നമ്മൾ ചെയ്തില്ലെങ്കിൽ എന്നും ഈ കോർപറേറ്റുകളുടെ ചൂഷണം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സമൂഹത്തിൽ തുടർന്ന് കൊണ്ട് തന്നെയിരിക്കും .