Saturday, June 30, 2012

കാലചക്രം

" കല്യാണത്തിന് ശേഷം ഞാന്‍ ഇതു വരെ നാട്ടില്‍ വന്നിട്ടില്ല. 5 വര്‍ഷം ആയിക്കാണണം വന്നിട്ട്. അതെ 5 വര്‍ഷം തന്നെ . അന്ന് ഞങ്ങള്‍ പറന്നതാണ് അമേരിക്കയ്ക്ക്,പിന്നെ വരാന്‍ സമയം കിട്ടിയിടില്ല.പക്ഷെ ഇത്തവണ വരാതിരിക്കാന്‍ കഴിയില്ലല്ലോ. എന്തായാലും വേഗം തിരിച്ചു പോകണം. പക്ഷെ അമ്മ സമ്മതിക്കുമോ എന്നറിയില്ല . ഇവിടുത്തെ ബിസിനെസ്സ് തിരക്കിനെപറ്റി വിവരിച്ചാല്‍ അമ്മയ്ക്കെങ്ങനെ മനസിലാകാനാണ് . എന്തായാലും ശ്രമിക്കാം. അല്ലെങ്കില്‍ വര്‍ഗീസ് ചേട്ടനോട് പറയാം. പുള്ളി ശ്രദ്ധിക്കാതിരിക്കില്ല. " ഇങ്ങനെ ഓരോന്ന് ആലോചിക്കുന്നതിനിടയ്ക്കു സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കാനുള്ള മുന്നറിയിപ്പ് വന്നത് . അതെ. വിമാനമിറങ്ങാന്‍ പോകുന്നു . നീണ്ട 5 വര്‍ഷത്തിനു ശേഷം വീണ്ടും കേരളത്തില്‍ ..

***************************************************************

രാജീവ്‌ ബാഗുമെടുത്ത്‌ പുറത്തിറങ്ങി . പ്രതീക്ഷിച്ചപോലെ വര്‍ഗീസ് ചേട്ടന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്. രാജീവിന്‍റെ അച്ഛന്റെ കാര്യസ്ഥനായിരുന്നു വര്‍ഗീസ്. മക്കളൊക്കെ നല്ല നിലയിലായെങ്കിലും വര്‍ഗീസ്‌ ഇപ്പോഴും വീട്ടില്‍ വരും എന്നാണ് കഴിഞ്ഞ തവണ വിളിച്ചപ്പോഴും അച്ഛന്‍ പറഞ്ഞത്. കണ്ടെങ്കിലും 2 പേരും ഒന്നും മിണ്ടിയില്ല. അങ്ങനെ മിണ്ടാന്‍ പറ്റിയ അവസ്തയിലല്ലല്ലോ .
" ഈ ബാഗ്‌ എടുത്തു ഡിക്കിയില്‍ വെച്ചേക്കു " രാജീവ്‌ പറഞ്ഞു . കൂടുതല്‍ ഒന്നും മിണ്ടിയില്ല .
ബാഗ്‌ വെച്ച് വര്‍ഗീസ്‌ വണ്ടി എടുത്തു .

****************************************************************

"വീടെത്തി കുഞ്ഞേ "
അവന്‍ ഞെട്ടി ഉണര്‍ന്നു . വര്‍ഗീസിന്റെ ശബ്ദമാണ് . അതെ വീടെത്തി. 5 വര്‍ഷത്തിനു ശേഷം വീണ്ടും. അവന്‍ മുറ്റത്തേയ്ക്ക് കയറി. ഒരു കൂട്ടം ആളുകള്‍ അവിടെ നില്കുന്നു. എല്ലാവരുടെയും മുഖത്ത് ഒരു വിഷാദഭാവം .
അവന്‍ അകത്തേയ്ക്ക് കയറി.
ഒരു തിരിനാളം അവിടെ അവനെ കാത്തിരിപ്പുണ്ടായിരുന്നു . അതിനു മുന്‍പില്‍ ഒരു വാഴയിലയില്‍ അവന്‍റെ അച്ഛന്‍ കിടക്കുന്നു .
തൊട്ടപ്പുറത്തായി അമ്മ ഇരിക്കുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.
മകനെ നോക്കി.പക്ഷെ പ്രത്യേകിച്ച് ഭാവവ്യത്യസമൊന്നും മുഖത്ത് വന്നില്ല .
അവന്‍ അമ്മയുടെ അടുത്തെത്തി.
"അച്ഛന് വയ്യ എന്ന് പറഞ്ഞപ്പോഴെങ്കിലും നിനക്ക് വരാമായിരുന്നു "
"അമ്മെ, ഞാന്‍ വന്നാല്‍ എന്റെ ബിസിനസ്‌ നോക്കാന്‍ അവിടെ ആരുമില്ല. പിന്നെ അച്ഛന് ഇത്ര സീരിയസ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല . "
"I .C .U ആണെന്ന് പറഞ്ഞിട്ടും മനസിലായില്ല? "
രാജീവ് ഒന്നും മിണ്ടിയില്ല .

***************************************************************

"അമ്മെ ഞാന്‍ ഇവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു . ഞാന്‍ പറഞ്ഞതിനെ പറ്റി ഒന്നും അമ്മ പറഞ്ഞില്ല . ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍ പറ്റില്ലല്ലോ . "
"നീ എവിടെയാ എന്ന് വെച്ചാല്‍ എന്നെ കൊണ്ട് വിട്ടോളു. ഞാന്‍ കാരണം നിന്റെ ബിസിനെസ്സ് തകരണ്ട . " അമ്മ പൊട്ടിക്കരഞ്ഞു .
രാജീവിന് അത് കണ്ടില്ല എന്ന് നടിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
"നിന്റെ ഭാര്യയും കുഞ്ഞും എന്ത് പറയുന്നു ? നീ എന്താ അവരെ കൊണ്ട് വരാഞ്ഞേ ? "
"അവള്‍ക്കു ജോലിതിരക്കുണ്ട് അമ്മെ . അത്ര പെട്ടന്ന് വരാന്‍ പറ്റില്ല .പിന്നെ അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവരെ നോക്കണം. "
"അപ്പൊ അവരെ കൊണ്ടുപോകാന്‍ അവള്‍ക്കു സമയം കിട്ടി. നിനക്കോ? "
അമ്മയുടെ ആ ചോദ്യത്തിന്റെ അര്‍ഥം മനസിലായെങ്കിലും അവനു ഒന്നും തിരിച്ചു പറയുവനുണ്ടായില്ല .

******************************************************************

പിറ്റേന്ന് രാവിലെ തന്നെ അവര്‍ യാത്ര പുറപ്പെട്ടു . 2 മണിക്കൂറിനുള്ളില്‍ അവിടെ എത്തിച്ചേര്‍ന്നു . ഒരു വൃദ്ധസദനം .
"ഇനിയുള്ള കാലം എന്റെ ജീവിതം ഇവിടെ ആണ് , അല്ലെ മകനെ ? "
അവന്‍ അമ്മയുടെ മുഖത്തേയ്ക്കു നോക്കി . യാതൊരു വികാരവുമില്ലാത്ത മുഖഭാവം . പക്ഷെ ഒരായിരം അര്‍ഥങ്ങള്‍ ആ വാക്കുകളില്‍ അവനു തോന്നി. പക്ഷെ..
"എങ്ങനെയുണ്ടമ്മേ മുറി ? ഇഷ്ടപ്പെട്ടോ ? എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട് . ഇവര്‍ അമ്മയെ മഹാറാണിയെപോലെ നോക്കും . "
"എത്രയാ വാടക ? "
" അതൊന്നും അമ്മ ആലോചിക്കണ്ട. ഞാന്‍ 1 വര്‍ഷതെക്കുള്ളത് അടച്ചിട്ടുണ്ട്.പോരാത്തത് പുറകെ അയക്കും . "
" ഒരു വര്‍ഷത്തിനിടയ്ക്ക് ഞാന്‍ മരിച്ചാല്‍ നിനക്ക് കാശു തിരിച്ചു കിട്ടുമോ? "
" അമ്മെ ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് വിഷമമാകും "
"സ്വന്തം അമ്മയെ അനാഥാലയത്തില്‍ കൊണ്ട് വിടാന്‍ നിനക്ക് വിഷമമില്ല അല്ലെ? "
രാജീവിന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല .
അവന്‍ തിരിച്ചു നടന്നു.
അപ്പോള്‍ എതിരെ രഘുവരന്‍ വരുന്നത് കണ്ടു . ഈ വൃദ്ധസദനം അയാളാണ് നടത്തുന്നത്.
"ഞാന്‍ അമ്മയെ ആ മുറിയില്‍ വിട്ടിടുണ്ട് . ഒന്ന് ശ്രദ്ധിച്ചേക്കണേ"
"സാറ് വിഷമിക്കണ്ട. എന്‍റെ സ്വന്തം അമ്മയെ പോലെ ഞാന്‍ നോക്കിക്കോളാം . ഇവിടെ താമസിക്കുന്നവര്‍ക്ക് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാറിനും അതിന്റെ അടുത്ത് തന്നെ ഒരു മുറി ബുക്ക്‌ ചെയ്തു വെക്കുന്നോ ? മകന്‍ വളര്‍ന്നു വരുവല്ലേ? " രഘു ഇതു ചോദിച്ചു ഉറക്കെ ചിരിച്ചു .
രാജീവ്‌ എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്നു .....

************************************************************

P.S : ഇതൊരു പുതിയ കഥ അല്ല. പലരും പല രൂപത്തിലും ഭാവത്തിലും പറഞ്ഞിടുള്ള ഒരു കഥയാണ്‌. ഞാനും ഒന്ന് ഓര്‍മിപ്പിക്കുന്നു എന്ന് മാത്രം.